മുംബൈ: തുടർച്ചയായി ഏഴാമത്തെ ദിവസവും കുതിച്ച് സൂചികകൾ വീണ്ടും പുതിയ ഉയരംകുറിച്ചു. വ്യാപാരത്തിനിടെ 61,963 നിലവാരത്തിലെത്തിയ സെൻസെക്‌സ് 460 പോയന്റ് നേട്ടത്തിൽ 61,756ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

നിഫറ്റിയാകട്ടെ 18,542വരെ ഉയർന്നെങ്കിലും 138 പോയന്റ് നേട്ടത്തിൽ 18,477ൽ ക്ലോസ് ചെയ്തു. ഏഴ് വ്യാപാര ദിനങ്ങളിലായി നിഫ്റ്റിയിലുണ്ടായ നേട്ടം 4.7 ശതമാന(831 പോയന്റ്)മാണ്. ചൈനീസ് ജിഡിപി, പണപ്പെരുപ്പ ഭീഷണി തുടങ്ങിയവ ആഗോള വിപണിയെ ദുർബലമാക്കിയെങ്കിലും അതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് സൂചികകൾ റെക്കോഡ് കുതിപ്പ് നടത്തിയത്. 

സെൻസെക്സ് ഓഹരികളിൽ ഇൻഫോസിസ് 3 ശതമാനത്തോളം ഉയർന്നു. ഹിൻഡാൽകോ ഇൻഡസ്ട്രീസ് (5.17 %), ഇൻഫോസിസ് (4.79 %), ടെക് മഹീന്ദ്ര (3.65%), ജെഎസ്ഡബ്ല്യു സ്റ്റീൽ (3.32%), ടാറ്റ സ്റ്റീൽ (2.40%) തുടങ്ങിയ ഓഹരികളും നേട്ടത്തിൽ മുന്നിലെത്തി. എച്ച്സിഎൽ ടെക്നോളജീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഡോ.റെഡീസ് ലാബോറട്ടറീസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികൾ കുതിപ്പിൽ പങ്കാളികളായി. മെറ്റൽ, പവർ, പൊതുമേഖല ബാങ്ക് തുടങ്ങിയവ 2-4 ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതവും നേട്ടമുണ്ടാക്കി.