മുംബൈ: മൂന്നുദിവസത്തെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്‌ചെയ്തു. ധനകാര്യ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്‌സ് 397 പോയന്റ് ഉയർന്ന് 52,769.73ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തിൽ 15,812.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

സാമ്പത്തിക സൂചകങ്ങളിൽ പ്രകടമായ അനുകൂല സൂചനകളാണ് വിപണിയിൽ പ്രതിഫലിച്ചത്. വിലക്കയറ്റ നിരക്കിൽ നേരിയ കുറവുണ്ടായതും വ്യാവസായികോത്പാദനത്തിൽ വർധനവുണ്ടായതും സൂചികകൾക്ക് കരുത്തുപകർന്നു. ചൈനയിലെ കയറ്റുമതി വർധിച്ചത് ആഗോളതലത്തിൽ സൂചികകൾ നേട്ടമാക്കി.  

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, സൺ ഫാർമ, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. 

ടിസിഎസ്, ഏഷ്യൻ പെയിന്റ്‌സ്, ഇൻഫോസിസ്, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നേട്ടമില്ലാതെയാണ് ബിഎസ്ഇ മിഡ്ക്യാപ് സൂചിക ക്ലോസ്‌ചെയ്തത്. സ്‌മോൾ ക്യാപ് സൂചിക 0.4ശതമാനം ഉയരുകയുംചെയ്തു.