മുംബൈ: മികച്ച ഉയരംകുറിച്ച സൂചികകളിൽനിന്ന് വൻതോതിൽ ലാഭമെടുപ്പ് നടന്നതോടെ രണ്ടാം ദിവസവും വിപണി നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. മെറ്റൽ, എനർജി, ക്യാപിറ്റൽ ഗുഡ്‌സ്, എഫ്എംസിജി ഓഹരികളാണ് വില്പന സമ്മർദംനേരിട്ടത്. മിഡ് ക്യാപ്, സ്‌മോൾ ക്യാപ് ഓഹരികളും സമ്മർദത്തിലായി.

വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 61,880ലെത്തിയെങ്കിലും പിന്നീട് ക്ലോസ് ചെയ്യുന്നതുവരെ സമ്മർദത്തിലായിരുന്നു. ഒടുവിൽ 456 പോയന്റ് നഷ്ടത്തിൽ 61,109ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 152.20 പോയന്റ് താഴ്ന്ന 18,266.60 ലുമെത്തി. 

സെൻസെക്സ് ഓഹരികളിൽ ഭാരതി എയർടെൽ നാല് ശതമാനംനേട്ടമുണ്ടാക്കി. 709 നിലവാരത്തിലേക്കുയർന്നു. എസ്ബിഐ, ടാറ്റാ മോട്ടോഴ്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിൻഡാൽകോ, ടൈറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, ബിപിസിഎൽ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

സെക്ടറൽ സൂചികകളെല്ലാം തകർച്ച നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ രണ്ടുശതമാനംവീതം താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

Content Highlights: sensex falls 456 points, nifty below 18,300