
Photo: Gettyimages
മുംബൈ: ഓഹരി സൂചികകള്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 2000ത്തിലേറെ പോയന്റാണ് മൂന്നുദിവസത്തിനിടെ സെന്‍സെക്സിന് നഷ്ടമായത്. 634 പോയന്റാണ് വ്യാഴാഴ്ചനഷ്ടമായത്. 59,465ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 181 പോയന്റ് താഴ്ന്ന് 17,757 നിലവാരത്തിലുമെത്തി.
ആഗോള വിപണിയില്‍ അംസ്കൃത എണ്ണവില കൂടുന്നതും കടപ്പത്ര ആദായം വര്‍ധിക്കുന്നതും വിപണിയെ പിടിച്ചുലച്ചു. ബജറ്റിനുമുമ്പുള്ള ലാഭമെടുപ്പുകൂടിയായപ്പോള് രാജ്യത്തെ സൂചികകള്‍ കനത്ത നഷ്ടംനേരിട്ടു.
എണ്ണവില
അസംസ്കൃത എണ്ണവില ബാരലിന് 88 ഡോളര്‍ കടന്ന് ഏഴുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. ഒരുമാസത്തിനിടെയാണ് എണ്ണവിലയില്‍ ഈ കുതിപ്പ് രേഖപ്പെടുത്തിയത്. വര്‍ധിക്കുന്ന പണപ്പെരുപ്പവും കറണ്ട് അക്കൗണ്ട് കമ്മിയും വിപണിയ്ക്ക് പ്രതികൂലമാകുന്നു. വിലക്കയറ്റംതുടര്ന്നാല് നിരക്കുകളില്‍ ആര്‍ബിഐയുടെ നിലപാട് നിര്‍ണായകമാകും.
കടപ്പത്ര ആദായം
ആഗോളതലത്തില്‍ കടപ്പത്രങ്ങളിലെ ആദായംകൂടുന്നതിനാല്‍ റിസ്ക് കൂടിയ ആസ്തികളില്‍നിന്ന് നിക്ഷേപകരുടെ പിന്മാറ്റം പ്രകടമായിത്തുടങ്ങി. യുഎസ് ഫെഡറല്‍ റിസര്‍വ് കാല്‍ശതമാനം നിരക്ക് ഉടനെ ഉയര്‍ത്തിയേക്കുമെന്ന സൂചന ഇതിനകം ബോണ്ട് ആദായത്തില്‍ പ്രതിഫലിച്ചുകഴിഞ്ഞു. പത്തുവര്‍ഷത്തെ യുഎസ് ട്രഷറി ആദായം 1.9ശതമാനമായാണ് ഉയര്‍ന്നത്. 2019 ഡിസംബറിനുശേഷമുള്ള ഉയര്‍ന്ന നിലവാരമാണിത്. ഇതേതുടര്‍ന്ന് യുഎസ് വിപണികള്‍ വില്പന കനത്ത വില്പന സമ്മര്‍ദംനേരിടുകയാണ്. 2021 നവംബറിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് നാസ്ദാക്ക് സൂചികയില്‍ 10ശതമാനത്തിലധികം തിരുത്തലുണ്ടായി.
രാജ്യത്തെ സര്‍ക്കാര്‍ ബോണ്ടുകളില്‍നിന്നുള്ള ആദായത്തിലും വര്‍ധനരേഖപ്പെടുത്തി. 2020 ജനുവരി 22നുശേഷം ഇതാദ്യമായി ആദായം 6.64ശതമാനത്തിലെത്തി. അടുത്ത ദിവസങ്ങളിലും വിപണിയില്‍ തിരുത്തല്‍ തുടര്‍ന്നേക്കാം. ഉയര്‍ന്ന നിലവാരമുള്ള ഓഹരികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാകും ഈ സാഹചര്യത്തില്‍ ഉചിതം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..