Photo: Gettyimages
മുംബൈ: കനത്ത വില്പന സമ്മര്‍ദത്തില്‍ തിരിച്ചടി നേരിട്ട വിപണി മൂന്നു മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തില്‍ ക്ലോസ് ചെയ്തു. അദാനി ഓഹരികളിലെ തകര്‍ച്ച മൊത്തം വിപണിയെ ബാധിച്ചു. അദാനി കമ്പനികള്‍ക്ക് ഉയര്‍ന്ന കടബാധ്യതയുണ്ടെന്ന ഹിന്‍ഡന്‍ബെര്‍ഗിന്റെ വിലയിരുത്തല്‍ ബാങ്കിങ് മേഖലയ്ക്ക് തിരിച്ചടിയായി. ബാങ്ക് ഓഹരികള്‍ കുത്തനെ ഇടിഞ്ഞു.
വ്യാപാരത്തിനിടെ സെന്‍സെക്‌സ് 1000ത്തോളം പോയന്റ് ഇടിഞ്ഞെങ്കിലും പിന്നീട് നേരിയതോതില്‍ തിരിച്ചകയറി 59,331ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നഷ്ടം 874 പോയന്റ്. നിഫ്റ്റി 288 പോയന്റ് താഴ്ന്ന് 17,604ലിലുമെത്തി. രണ്ടുദിവസത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടമായത് 11.75 ലക്ഷം കോടി രൂപയാണ്.
നിഫ്റ്റിയില്‍ അദാനി എന്റര്‍പ്രൈസസും അദാനി പോര്‍ട്‌സുമാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. യഥാക്രം 18 ശതമാനവും 15ശതമാനവും. അദാനി വില്‍മര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പവര്‍, അംബുജ സിമന്റ്, എസിസി തുടങ്ങിയ ഓഹരികള്‍ അഞ്ചു മുതല്‍ 20ശതമാനംവരെ ഇടിഞ്ഞു.
Also Read
ആഗോള വിപണികള്‍ നേട്ടത്തില്‍ തുടര്‍ന്നപ്പോഴും ആഭ്യന്തര സൂചികകള്‍ തകര്‍ച്ച നേരിട്ടു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിനെതുടര്‍ന്ന് നിക്ഷേപകര്‍ കരുതലെടുത്തതും തിരിച്ചടിയായി. അടുത്തയാഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡ് യോഗവും നിര്‍ണായകമാണ്.
മറ്റ് കാരണങ്ങള്‍:
വളര്‍ച്ചാ അനുമാനം
2023 കലണ്ടര്‍ വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം യുഎന്‍ 5.8ശതമാനമായി കുറച്ചത് വിപണിക്ക് തിരിച്ചടിയായി. കര്‍ശന പണനയവും ദുര്‍ബലമായ ആഗോള ഡിമാന്റുമാണ് വളര്‍ച്ചയെ ബാധിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശ നിക്ഷേപകരുടെ വില്പന
ഉയര്‍ന്ന മൂല്യത്തില്‍ തുടരുന്ന രാജ്യത്തെ വിപണിയില്‍നിന്ന് വിദേശ നിക്ഷേപം പുറത്തേയ്‌ക്കൊഴുകുന്നത് തുടരുകയാണ്. താരതമ്യേന കുറഞ്ഞ നിലവാരത്തിലുള്ള വിപണികളിലാണ് നിക്ഷേപക ശ്രദ്ധയെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായര്‍ വിലയിരുത്തുന്നു.
വിദേശ സ്ഥാപനങ്ങള്‍ക്ക് 1.61 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. ധനാകാര്യം, ഐടി, ഉപഭോക്തൃ സേവനം, ഓയില്‍ ആന്‍ഡ് ഗ്യാസ്, ടെലികോം, ഓട്ടോ തുടങ്ങിയ സെക്ടറുകളാണ് സമ്മര്‍ദത്തില്‍.
ഫെഡ് നയം
കഴിഞ്ഞ പാദത്തില്‍ യുഎസ് സമ്പദ് വ്യവസ്ഥയില്‍ 2.9ശതമാനം വാര്‍ഷിക വളര്‍ച്ചയാണുണ്ടായത്. പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റം നേടാനായത് നിലവിലെ നയം തുടരാന്‍ ഫെഡിനെ പ്രേരിപ്പിച്ചേക്കാം. വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ഇതും ആക്കംകൂട്ടിയേക്കാം.
ബജറ്റ്
അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിനായി കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. അതുണ്ടായില്ലെങ്കില്‍ വിപണിയില്‍ വീണ്ടും ഇടിവുണ്ടായേക്കാം. 2022-23 സാമ്പത്തിക വര്‍ഷത്തെ ധനകമ്മി ജിഡിപിയുടെ 6.4ശതമാനമായിരിക്കുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ അനുമനും. 2024വര്‍ഷത്തില്‍ 5.9ശതമാനവും. ധനകമ്മി ഏകീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് മുന്നോട്ടുവെയ്ക്കുന്നത്. ഇതില്‍നിന്ന് വ്യത്യാസമുണ്ടായാല്‍ അത് വിപണിയെ ബാധിച്ചേക്കാം.
Content Highlights: Sensex drops 533 points; Adani stocks sinks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..