മുംബൈ: ദിനവ്യാപാരത്തിനിടെ റെക്കോഡ് നേട്ടത്തിലെത്തിയ സൂചികകൾ അവസാനം നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. ഓട്ടോ, ഐടി, മെറ്റൽ, ഫാർമ ഓഹരികളാണ് സമ്മർദംനേരിട്ടത്.

സെൻസെക്‌സ് 18.82 പോയന്റ് നഷ്ടത്തിൽ 52,861.18ലും നിഫ്റ്റി 16.10 പോയന്റ് താഴ്ന്ന് 15,818.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചിപ് ക്ഷാമം ലാൻഡ് റോവറിന്റെ ഉത്പാദനത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരിയെ ബാധിച്ചു. പത്തുശതമാനത്തോളമാണ് ഓഹരി വിലയിടിഞ്ഞത്. 

ഗ്ലാൻഡ് ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളും നഷ്ടത്തിലായി. അൾട്രടെക് സിമെന്റ്‌സ്, ശ്രീ സിമെന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കുകയുംചെയ്തു.

നിഫ്റ്റി ബാങ്ക് സൂചിക ഒരുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നേരിയനേട്ടമുണ്ടാക്കിയപ്പോൾ സ്‌മോൾ ക്യാപ് നഷ്ടംനേരിട്ടു. 

ഓഹരി വിപണി നഷ്ടംനേരിട്ടത് രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.55 നിലവാരത്തിലാണ് ക്ലോസ്‌ചെയ്തത്.