മുംബൈ: ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. ഐടി, മെറ്റൽ, എഫ്എംസിജി, ഫാർമ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു.

സെൻസെക്‌സ് 86.95 പോയന്റ് നഷ്ടത്തിൽ 49,771.29ലും നിഫ്റ്റി 7.60പോയന്റ് താഴ്ന്ന് 14,736.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ബിഎസ്ഇയിലെ 1570 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1427 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 223 ഓഹരികൾക്ക് മാറ്റമില്ല. യൂറോപ്പിലും രാജ്യത്തിന്റെ വിവിധയിടങ്ങളിലും കോവിഡ് വീണ്ടുംവ്യാപിക്കുന്നതും യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതുമാണ് വിപണിയെ ബാധിച്ചത്. 

ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അദാനി പോർട്‌സ്, ടെക് മഹീന്ദ്ര, ടിസിഎസ്, ബ്രിട്ടാനിയ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. 

നിഫ്റ്റി ഐടി, മെറ്റൽ, ഫാർമ, എഫ്എംസിജി സൂചികകൾ ഒരുശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനംവീതം നഷ്ടത്തിലായി. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്-സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.7-1ശതമാനം നേട്ടമുണ്ടാക്കി.