മുംബൈ: രണ്ടുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. തുടക്കംനേട്ടത്തിലായിരുന്നുവെങ്കിലും വൈകാതെ നഷ്ടത്തിലായി. നിഫ്റ്റി 17,650ന് താഴെയെത്തി. 

ആഗോള വിപണികളിലെ തളർച്ചയും മെറ്റൽ, ഐടി ഓഹരികളിൽനിന്നുള്ള ലാഭമെടുപ്പുമാണ് വിപണിയെ ബാധിച്ചത്. അസംസ്‌കൃത എണ്ണവില ഉയരുന്നതും പണപ്പെരുപ്പ ഭീഷണി യുഎസ് ബോണ്ട് ആദായത്തിൽ പ്രതിഫലിച്ചതും കാരണമായി.

സെൻസെക്സ് 555.15 പോയന്റ് താഴ്ന്ന് 59,189.73ലും നിഫ്റ്റി 176.30 പോയന്റ് നഷ്ടത്തിൽ 17,646ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റാ കൺസ്യൂമർ പ്രൊഡ്ക്റ്റ്സ്, ഒഎൻജിസി, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. 

ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ്‌ചെയ്തത്. 

സെക്ടറൽ സൂചികകളിൽ ലോഹം, ഫാർമ, ഓട്ടോ, റിയൽറ്റി, പൊതുമേഖല ബാങ്ക് എന്നിവ 1-2 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചിക 0.5-1.2 ശതമാനവും നഷ്ടംനേരിട്ടു.

Content Highlights: sensex down 500 points in intraday trade, nifty below 17,650