മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 310 പോയന്റ് താഴ്ന്ന് 49,548ലും നിഫ്റ്റി 70 പോയന്റ് നഷ്ടത്തിൽ 14,673ലുമാണ് വ്യാപാരം ആരംഭിച്ചത്. 

ബിഎസ്ഇയിലെ 774 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 687 ഓഹരികൾ നേട്ടത്തിലുമാണ്. 88 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. 

ബോണ്ട് ആദായം വർധിച്ചതിനെതുടർന്ന് യുഎസിലെ സൂചികകൾ കനത്തനഷ്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. യുറോപ്പിൽ കോവിഡ് വീണ്ടുംവ്യാപിക്കുന്നതും സൂചികകളുടെ കരുത്തുചോർത്തി. 

പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, എൽആൻഡ്ടി, എസ്ബിഐ, ഹിൻഡാൽകോ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. 

സിപ്ല, ബിപിസിഎൽ, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ, സൺ ഫാർമ, ഡിവീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, വിപ്രോ, അദാനി പോർട്‌സ്, ഇൻഫോസിസ്, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.