ക്കാലത്തെയും റെക്കോഡ് വേഗത്തിലാണ് സെൻസെക്‌സ് 10,000 പോയന്റ് മുന്നേറ്റം നടത്തിയത്. വെള്ളിയാഴ്ച 60,000 പിന്നിട്ടതോടെ ചരിത്രനേട്ടമാണ് ബിഎസ്ഇ സെൻസെക്‌സ് സ്വന്തമാക്കിയത്. 

ഇവർഷം ജനുവരി 21നാണ് സെൻസെക്‌സ് 50,000 തൊട്ടത്. 166 വ്യാപാരദിനംകൊണ്ടാണ് സൂചിക 50,000ത്തിൽനിന്ന് 60,000ത്തിലേക്കെത്തിയത്. 

ഇതിനുമുമ്പ് പതിനായിരം പോയന്റ് പിന്നിടാൻ(40,000ത്തിൽനിന്ന് 50,000ത്തിലേക്കെത്താൻ) 415 വ്യാപാര ദിനങ്ങളാണ് വേണ്ടിവന്നത്. 2006 ഫെബ്രുവരി മുതൽ 2007 ഒക്ടോബർവരെയുള്ള കാലയളവിൽ 432 ട്രേഡിങ് സെഷനെടുത്താണ് 10,000ത്തിൽനിന്ന് സൂചിക 20,000ത്തിലെത്തിയത്. ഇതിനുമുമ്പുള്ള സമാന മുന്നേറ്റങ്ങൾക്കെല്ലാം 1000 ദിവസത്തിൽക്കൂടുതലെടുക്കുകയുംചെയ്തു. 

ചെറുകിട നിക്ഷേപകരുടെ എക്കാലത്തുമുണ്ടായിട്ടില്ലാത്ത പങ്കാളിത്തവും വിപണിയിലേക്കുള്ള പണമൊഴുക്കും മികച്ച കോർപറേറ്റ് പ്രവർത്തനഫലങ്ങളും ആഗോളകാരണങ്ങളൊക്കെയുമാണ് മുന്നേറ്റത്തിന് പിന്നിൽ. അതേസമയം, നിലവിലെ ഉയർന്നമൂല്യം വരുദിവസങ്ങളിൽ ചാഞ്ചാട്ടവും തിരുത്തലുകളുമുണ്ടാക്കിയേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

നൽകിയത് 150-370ശതമാനം ആദായം
50,000ത്തിൽനിന്ന് 60,000ത്തിലേക്കുള്ള അതിവേഗമുന്നേറ്റത്തിനിടെ 42 ഓഹരികളാണ് നിക്ഷേപകർക്ക് അത്ഭുതകരമായനേട്ടം സമ്മാനിച്ചത്. ജെഎസ്ഡബ്ല്യു എനർജി, ബാലാജി ആംമ്‌നീസ്, ഹാപ്പിയസ്റ്റ് മൈൻഡ്‌സ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, ദീപക് ഫെർട്ടിലൈസേഴ്‌സ്, ഐആർസിടിസി തുടങ്ങിയ ഓഹരികൾ അവയിൽ ചിലതുമാത്രം. ഈ ഓഹരികൾ എട്ടുമാസംകൊണ്ട് 150 മുതൽ 370ശതമാനംവരെയാണ് ഉയർന്നത്.