കോവിഡ് വ്യാപനഭീതിയിൽ തിങ്കളാഴ്ച ഓഹരി വിപണി നേരിട്ട തകർച്ചയിൽ നിക്ഷേപകന് നഷ്ടമായത് ആറ് ലക്ഷം കോടിയോളം രൂപ. 

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ വിപണിമൂല്യം 5.82 ലക്ഷം കോടി രൂപയിടിഞ്ഞ് 199.89 ലക്ഷം കോടിയായി. മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും തിരിച്ചടിനേരിട്ടു. 

കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ 2.73 ലക്ഷംവർധനവുണ്ടായതാണ് വിപണിയെ പ്രതിരോധത്തിലാക്കിയത്. ഇതേതുടർന്ന് കനത്ത വില്പന സമ്മർദമാണ് വിപണി നേരിട്ടത്. സെൻസെക്‌സ് 1,470 പോയന്റോളം താഴെപ്പോയെങ്കിലും നേരിയതോതിൽ തിരിച്ചുകയറിയത് ആശ്വാസമായി. 

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദേശ നിക്ഷേപകരും മടിച്ചുനിൽക്കുകയാണ്. സമീപഭാവിയിൽ വിദേശ നിക്ഷേപത്തിൽ കാര്യമായ മുന്നേറ്റമുണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തൽ.