44-ാമത് വാർഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. രണ്ടുദിവസത്തിനിടെ റിലയൻസിന്റെ വിപണിമൂല്യത്തിൽ 1.30 ലക്ഷംകോടി നഷ്ടമായി. 

വെള്ളിയാഴ്ച ഓഹരി വില 2.8ശതമാനം താഴ്ന്ന് 2,093 നിലവാരത്തിലെത്തി. ഇതോടെ കഴിഞ്ഞ നാലുദിവസത്തിനിടെ ഓഹരി വിലയിൽ ആറുശതമാനത്തിലേറെ നഷ്ടമുണ്ടായി. വൻപ്രതീക്ഷയിൽ ആറാഴ്ചക്കിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിൽ 17ശതമാനത്തോളം ഉയർച്ചയുണ്ടായിരുന്നു.

പ്രതീക്ഷിച്ചതുപോലെ സ്മാർട്‌ഫോൺ പ്രഖ്യാപിച്ചെങ്കിലും ജിയോയുടെ ഐപിഒ ഉൾപ്പടെയുള്ളവയുടെ പ്രഖ്യാപനം ഇല്ലാതെപോയതാണ് ഓഹരിയെ ബാധിച്ചതെന്നാണ് വിലയിരുത്തൽ. അതേസമയം, മികച്ച പ്രവർത്തനഫലമാണ് കമ്പനി പുറത്തുവിട്ടത്. ടെലികോം താരിഫ് വർധനയാണ് പ്രധാനമായും വരുമാനവർധനവിന് പിന്നിൽ. 

ഹരിത ഊർജമേഖലയിലേയ്ക്കുളള കമ്പനിയുടെ ചുവടുവെയ്പും വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. 75,000 കോടി രൂപയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. നിലവിൽ വിപണിയിലുള്ളതിനേക്കാൾ വിലക്കുറവിൽ സവിശേഷ ഫീച്ചറുകളോടെ 4ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കുമെന്നും പൊതുയോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.