ന്യൂഡല്‍ഹി: റിലയന്‍സ് നിപ്പോണ്‍ ലൈഫ് എഎംസി ഐപിഒയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ എടുത്തസമയം ഒരു മിനുട്ട് മാത്രം.

അതായത് ഐപിഒയ്ക്ക് അപേക്ഷിക്കാനുള്ള ആദ്യദിനത്തില്‍ ഒരുമിനുട്ടിനുള്ളില്‍ എല്ലാവിഭാഗങ്ങള്‍ക്കും നീക്കിവെച്ചിട്ടുള്ള ഓഹരികള്‍ക്ക് ആവശ്യക്കാരെത്തി. 

അതി സമ്പന്നര്‍, നിക്ഷേപ സ്ഥാപനങ്ങള്‍, റീട്ടെയില്‍ നിക്ഷേപകര്‍ എന്നിവര്‍ക്ക് നീക്കിവെച്ചിട്ടുള്ള ഓഹരികള്‍ക്ക് 10.01നുതന്നെ ആവശ്യക്കാരായി.

അതിസമ്പന്നര്‍ക്ക് നീക്കിവെച്ചിട്ടുള്ള ഓഹരി വിഹിതത്തിന് ആദ്യമിനുട്ടില്‍തന്നെ ആറിരട്ടി അപേക്ഷകളാണ് ലഭിച്ചത്. 

10.15വരെ മൊത്തം 8,77,46,747 ഓഹരികള്‍ക്കാണ് ആവശ്യക്കാരെത്തിയത്. 4,28,40,000 ഓഹരികളാണ് കമ്പനി പുറത്തിറക്കുന്നത്.

അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, മോര്‍ഗന്‍ സ്റ്റാന്‍ലി, ഫിഡിലിറ്റി ഇന്റര്‍നാഷണല്‍, ഈസ്റ്റ് സ്പ്രിങ് ഇന്‍വെസ്റ്റ്‌മെന്റ്, എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്, ബിര്‍ള സണ്‍ലൈഫ്, എസ്ബിഐ മ്യൂച്വല്‍ ഫണ്ട്, യുടിഐ മ്യൂച്വല്‍ ഫണ്ട്, ഡിഎസ്പി ബ്ലാക്ക് റോക്ക് മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ഐപിഒയ്ക്കായി അപേക്ഷ നല്‍കിയവരാണ്.

ഒക്ടോബര്‍ 27നാണ് ഐപിഒയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതിയതി. 247നും252നും ഇടയിലായിരിക്കും ഓഹരി വില. 1,542.24 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.