റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 2000 രൂപ മറികടന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.42ന് 2004 രൂപ നിലവാരത്തിലെത്തി. 

കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാരത്തില്‍നിന്ന് 1.68ശതമാനമാണ് ഉയര്‍ന്നത്. മാര്‍ച്ചിലെ നിലവാരത്തില്‍നിന്ന് 130ശതമാനമാണ് ഓഹരി വിലിയിലുണ്ടായ വര്‍ധന. ഈവര്‍ഷം ഇതുവരെയുള്ള വര്‍ധന 34ശതമാനവുമാണ്. 

വിപണിമൂല്യം 12 ലക്ഷം കോടി രൂപ മറികടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന ബഹുമതിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈയിടെയാണ് സ്വന്തമാക്കിയത്.

ജൂലായ് 24ന് പ്രഖ്യാപിക്കാനിരുന്ന ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ജൂലായ് 30ലേയ്ക്ക് കമ്പനി മാറ്റിവെച്ചിട്ടുണ്ട്. 5ജി സ്‌പെക്ട്രം അനുവദിക്കുന്നതിന് ടെലികോം വകുപ്പിനെ സമീപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. 

ഗൂഗിളുമായി ചേര്‍ന്ന് ജിയോ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്ന് കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. 

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 867.43 രൂപയും ഉയര്‍ന്ന വില 2010 രൂപയുമാണ്. മാര്‍ച്ച് 23ന് 88,405 രൂപമുടക്കി 100 ഓഹരികള്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്ന് അതിന്റെ മൂല്യം രണ്ടു ലക്ഷം രൂപയാകുമായിരുന്നു.