ന്യൂഡല്‍ഹി: വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില നാലുശതമാനത്തിലേറെ കുതിച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 14 ലക്ഷം കോടി രൂപ കടന്നു.

കമ്പനിയുടെ ഭാഗികമായി അടച്ചുതീര്‍ത്ത ഓഹരികള്‍ വിപണിയില്‍ വേറെയാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതിന്റെ മൂല്യമാകട്ടെ 53,821 കോടിയുമായി. ഇതുകൂടി ചേരുമ്പോഴാണ് മൊത്തംമൂല്യം 14,07,854.41 കോടിയായി ഉയര്‍ന്നത്.

രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയുടെ ഓഹരി വില വെള്ളിയാഴ്ച 4.32ശതമാനമുയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 2,149.70 രൂപയിലെത്തി.

വ്യാഴാഴ്ചയും ഓഹരി വിലയില്‍ മൂന്നുശതമാനം കുതിപ്പുണ്ടായിരുന്നു. ഭാഗികമായി അടച്ചുതീര്‍ത്ത ഓഹരിയുടെ വില 1,299 നിലവാരത്തിലുമാണ്. അവകാശ ഓഹരി അനുവദിച്ചതിനെതുടര്‍ന്ന് ഈ ഓഹരികള്‍ ജൂണ്‍ 15നാണ് വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 

വിപണിമൂല്യത്തിന്റെകാര്യത്തില്‍ രണ്ടാംസ്ഥാനം ടിസിഎസിനാണ്. 8,07,419.38 കോടി നിലവാരത്തിലാണ് ടിസിഎസിന്റെ മൂല്യം. 6,11,095.46 കോടി മൂല്യവുമായി എച്ച്ഡിഎഫ്‌സി ബാങ്കാണ് മൂന്നാംസ്ഥാനത്ത്.