സാറ ടെക്‌നോളജീസ്, ടൈറ്റൻ കമ്പനി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളുടെ വില ഈയിടെ കുതിച്ചതോടെ രാകേഷ് ജുൻജുൻവാലയുടെ ആസ്തിയിൽ വർധനവുണ്ടായത് 375 കോടി രൂപ. ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വിലയിലെ വർധനവിലൂടെമാത്രം അദ്ദേഹം സ്വന്തമാക്കിയത് 300 കോടിയിലേറെ. 

298ൽനിന്ന് 448 നിലവാരത്തിലേക്ക് ടാറ്റ മോട്ടോഴ്‌സിന്റെ ലക്ഷ്യവില മോർഗൻ സ്റ്റാൻലി ഈയിടെ ഉയർത്തിയിരുന്നു. ഈ ലക്ഷ്യവിലക്ക് തൊട്ടുതാഴെയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വിലയിൽ വ്യാപാരം നടക്കുന്നത്. ചൊവാഴ്ച വില 430 രൂപവരെ ഉയർന്നിരുന്നു. 

കോവിഡ് വ്യാപനത്തെ തുടർന്ന് വിപണിയിൽ ചാഞ്ചാട്ടമുണ്ടായ 2020 സെപ്റ്റംബറിലാണ് ജുൻജുൻവാല ടാറ്റയുടെ ഓഹരിയിൽ വൻതോതിൽ നിക്ഷേപം നടത്തിയത്. ആ കാലയളവിൽ നാലുകോടി ഓഹരികളാണ് അദ്ദേഹം സ്വന്തമാക്കിയത്. 2021 ജൂണിലെ കണക്കുപ്രകാരം കമ്പനിയിലെ 1.14ശതമാനം ഓഹരികൾ അദ്ദേഹത്തിന്റെ കൈവശമാണ്.

നാല് വ്യാപാര ദിനങ്ങളിലായി ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വിലയിൽ 77 രൂപയുടെ വർധനവാണുണ്ടായത്. ഈ വർധനമാത്രം കണക്കിലെടുക്കുമ്പോൾ ഒരൊറ്റ ഓഹരിയിൽനിന്നുമാത്രം ജുൻജുൻവാല നാലുദിവസംകൊണ്ട് സ്വന്തമാക്കിയത് 300 കോടിയിലേറെ രൂപയാണ്.