വിവിധ മേഖലകളിലെ തുടർച്ചയായ പരിഷ്‌കരണ പ്രഖ്യാപനങ്ങളും ചെറുകിട നിക്ഷേപകങ്ങളിലൂടെയും മ്യൂച്വൽ ഫണ്ടുകളിലൂടെയും ഒഴുകിയെത്തുന്ന പണവുമാണ് ഓഹരികളുടെ നിലക്കാത്ത കുതിപ്പിന് കാരണം. ആഗോളതലത്തിലും അഭ്യന്തരരംഗത്തുമുണ്ടായ ഡിമാന്റും ലാഭവളർച്ചയും മറ്റുവികസ്വര വിപണികളെയപേക്ഷിച്ച് ഇന്ത്യൻ ഓഹരികളുടെ മൂല്യത്തിലുണ്ടായ വർധനയും ഗുണകരമായി. മഹാമാരിയുടെ കാലത്തും  വിദേശ നിക്ഷേപങ്ങളിലുണ്ടായ വൻവർധനയിലൂടെ ഇന്ത്യ ഏഷ്യയിലെ ഇതര വിതസ്വരവിപണികളെയപേക്ഷിച്ച് ബഹുദൂരം മുന്നിലെത്തി. നിർമ്മാണം, കെമിക്കൽസ്, ഫാർമ, ടെക്സ്‌റ്റൈൽ, ഐടി മേഖലകൾ കോവിഡ് കാലത്തു നേട്ടമുണ്ടാക്കുകയും ചെയ്തു.

ആഗോളതലത്തിലും അഭ്യന്തരരംഗത്തും അടച്ചിടൽ ഇല്ലാതായതോടെ ഒന്നാംപാദ ഫലങ്ങളേക്കാൾ മെച്ചപ്പെട്ട രണ്ടാംപാദ ഫലങ്ങൾ പ്രതീക്ഷിച്ചതാണ് ഈയിടെയുണ്ടായ കുതിപ്പിനുകാരണം. സാമ്പത്തികമേഖല വീണ്ടും തുറന്നതും വരാനിരിക്കുന്ന ഉത്സവസീസണെക്കുറിച്ചുള്ള പ്രതീക്ഷകളും  ഓട്ടോ, റിയൽ എസ്റ്റേറ്റ്, ഉപഭോഗം, ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, എന്റർടെയിൻമെന്റ് മേഖലകൾ ആകർഷകമാക്കിയിട്ടുണ്ട്. പിഎൽഐ നടപ്പാക്കിയതും ശുദ്ധഊർജ്ജത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതും ഹോസ്പിറ്റാലിറ്റി, ടൂറിസം വ്യവസായ മേഖലകളിൽ വളർച്ചയ്ക്കു കാരണമായി.  

ഓഹരി വിലകൾ കൂടുതൽ ഉയർന്നതിനെത്തുടർന്ന് ഐടി മേഖല  സെപ്തംബർ അവസാനവാരം തിരുത്തലിനു വിധേയമായിരുന്നു. എങ്കിലും മികച്ച ഫലപ്രതീക്ഷകളോടെ ഗുണകരമായ പ്രവണത തിരിച്ചെത്തുകയാണ്. വ്യവസായരംഗത്ത് 2021ൽ നടന്ന വൻഇടപാടുകൾ കാരണം കുതിപ്പ് തുടരുകതന്നെ ചെയ്യും. സിമെന്റ്, ഓട്ടോ, ലോഹങ്ങൾ, ഖനന, ലൊജിസ്റ്റിക് മേഖലകളിൽ അസംസ്‌കൃത വസ്തുക്കളുടേയും നിർമ്മാണം പൂർത്തിയായവയുടേയും അന്തർദേശീയ വിലകളിൽ കാണപ്പടുന്ന കൂടിയ തോതിലുള്ള ചാഞ്ചാട്ടവും, ഹൃസ്വകാല ഡിമാന്റിലെ കുറവും, ഉൽപാദന തടസങ്ങളും കാരണം ഏറ്റക്കുറവുകൾ സംഭവിക്കുന്നുണ്ട്.  

രണ്ടാം പാദഫലങ്ങളിലുള്ള പ്രതീക്ഷയും പരിഷ്‌കാര നടപടികളും ഉൽപാദനമേഖലയിലെ ഉണർവുംമൂലം ഉണ്ടാകുന്ന സാമ്പത്തിക ലാഭവും ഉത്സവ സീസണും കാരണം വിലകുറവുള്ള ഓഹരികൾ വാങ്ങുന്നത് ഹൃസ്വകാലത്തേക്കെങ്കിലും ഗുണകരമാണ്. എന്നാൽ ഇടക്കാലത്തേക്ക് ഇതേ കുതിപ്പുതുടരാൻ സാധ്യത തുലോംകുറവാണ്. യുഎസിൽ ആസന്നമായ ടാപെറിംഗ്, ഉൽപന്നങ്ങളുടെ സൂപ്പർ സൈക്കിൾ, ആഗോള തലത്തിലുണ്ടായ ബോണ്ട് നേട്ടത്തിലെ വർധന, ആഗോളവളർച്ചയെ ബാധിക്കുംവിധം ചൈനീസ് സമ്പദ് വ്യവസ്ഥയുടെ കൂപ്പുകുത്തൽ തുടങ്ങിയ കാരണങ്ങളാൽ ആഗോള തലത്തിൽ ഉണ്ടാകവുന്ന അനിശ്ചിതത്വമാണ് കാരണം. 

ഉൽപന്നങ്ങൾ വൻതോതിൽ ഇറക്കുമതിചെയ്യുന്ന ഇന്ത്യയെ ഈ ഘടകങ്ങൾ ദോഷകരമായി ബാധിക്കുകയും വിദേശനിക്ഷേപങ്ങളിൽ കുറവുവരികയും ചെയ്യും. വരുംപാദങ്ങളിൽ ഉൽപാദനം വർധിക്കുമെന്നതിനാൽ അന്തർദേശീയ ഉൽപന്ന വിലകൾ തിരുത്തലിനുവിധേയമാകും.  ഈ സാഹചര്യത്തിൽ  ഇടക്കാലത്തേക്കു ഓഹരികൾ വിൽക്കുന്നത് ഗുണകരമാണ്. ഒപ്പം വർധിക്കുന്ന പണപ്പെരുപ്പത്തിന്റെ ക്ളേശം കുറഞ്ഞതും, വീണ്ടെടുപ്പിൽ ഗുണംലഭിക്കാവുന്നതുമായ ഓഹരികൾ ചേർത്ത് പോർട്ഫോളിയോ ഉടച്ചുവാർക്കാനും ശ്രദ്ധിക്കണം. റിസ്‌കെടുക്കാനുള്ള നിങ്ങളുടെ ക്ഷമതയനുസരിച്ച് ഓഹരികളും കടപ്പത്രങ്ങളും സ്വർണവും ഉൾപ്പെട്ട സന്തുലിതമായൊരു മിശ്രണമാണ് നിർവഹിക്കേണ്ടത്.  

ലോകത്തിലെ വിവിധ കേന്ദ്രബാങ്കുകളുടേയും റിസർവ് ബാങ്കിന്റേയും കാഴ്ചപ്പാടനുസരിച്ച് പണപ്പെരുപ്പത്തിൽ ഈയിടെയുണ്ടായ വളർച്ച വിതരണ ശൃംഖലയിലെ തടസങ്ങൾ കാരണം താൽക്കാലികമായുണ്ടായ പ്രതിഭാസമാണ്. ആഗോള സാമ്പത്തികമേഖല തുറക്കപ്പെടുന്നതോടെ കാര്യങ്ങൾ മെച്ചപ്പെടും. എന്നാൽ, ഹ്രസ്വകാലത്തേക്കു കാണപ്പെടുന്ന പണപ്പെരുപ്പം ഇടക്കാലത്തേക്കു നീളാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.  കൂടിയ പണമൊഴുക്ക് കാരണം ഡിമാന്റ് -സപ്ളെ ബലതന്ത്രത്തിലുണ്ടായ പൊരുത്തക്കേടാണ് കാരണം. ഉദാര പണനയത്തിന്റെ കാര്യത്തിൽ തീരുമാനംമാറ്റാൻ കേന്ദ്രബാങ്കുകളെ ഈ പ്രവണത നിർബന്ധിക്കും. പണം വർധിപ്പിക്കാൻ തുറന്നവിപണിയിൽനിന്ന് സർക്കാർ ബോണ്ടുകൾ വാങ്ങുന്ന പദ്ധതി (ജിസാപ്) തൽക്കാലം ആവശ്യമില്ലെന്ന് വെള്ളിയാഴ്ച റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപിച്ചിരുന്നു. ജിസാപ് നിർത്തുന്നത്  ഹൃസ്വകാലത്തേക്ക് ബോണ്ട് യീൽഡിൽ വർധനയുണ്ടാക്കാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന നയപ്രഖ്യാപനങ്ങളിൽ ഇതിനു സമാനമായ സാമ്പത്തിക നടപടികൾ യുഎസിസും യൂറോപ്പിലും ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം തീരുമാനങ്ങൾ ഓഹരി വിപണിയെ ബാധിക്കുകതന്നെചെയ്യും.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)