ദിനംപ്രതി മികച്ച ഉയരംകുറിച്ച് മുന്നേറിയതിനാൽ ആഗോളതലത്തിൽ രാജ്യത്തെ സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബിഎസ്ഇ-എൻഎസ്ഇ സൂചികകളിലെ പല ഓഹരികളും റെക്കോഡ് നിലവാരത്തിലുമെത്തി. 

സമാനതകളില്ലാത്ത റാലിയാണ് ഈയിടെ വിപണിയിലുണ്ടായത്. ഉയർന്ന മൂല്യത്തിൽനിന്നുള്ള തിരുത്തലിന്റെ ഭാഗമായി മൂന്നുദിവസമായി വിപണിയിൽ തകർച്ച തുടരുകയാണ്. സ്‌മോൾ ക്യാപ്, മിഡ്ക്യാപ് ഓഹരികളെയാണ് തകർച്ച പ്രധാനമായും ബാധിച്ചത്.

വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കുപ്രകാരം അഞ്ചുദിവസത്തിനിടെ ബിഎസ്ഇ സ്‌മോൾ ക്യാപ് സൂചികക്ക് നഷ്ടമായത് 4.63ശതമാനത്തോളമാണ്. ഇന്നുമാത്രം സൂചിക ഒരുശതമാനംനഷ്ടംനേരിട്ടു. മിഡ് ക്യാപ് സൂചിക അഞ്ചുദിവസത്തിനിടെ 4.35ശതമാനവും താഴ്ന്നു. ഇന്നുമാത്രം ഒരുശതമാനത്തിന്റെ നഷ്ടമുണ്ടായി. 

അതേസമയം, അഞ്ചുദിവസത്തിനിടെ സെൻസെക്‌സിന് നഷ്ടമായത് 0.69ശതമാനംമാത്രമാണ്. വൻകിട ഓഹരികളേക്കാൾ മധ്യനിര, ചെറുകിട ഓഹരികളുടെ ഉയർന്ന നിലവാരമാണ് ഇടിഞ്ഞുതാഴെവീഴുന്നതെന്ന് ചുരുക്കം. 

ഉയർന്ന മൂല്യത്തിലുള്ള മിഡ്ക്യാപ്, സ്‌മോൾ ക്യാപ് ഓഹരികളിൽനിന്ന് നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് സമ്മർദംനേരിടാനിടയാക്കിയത്. പല ഓഹരികളുടെയും മൂല്യം അർഹിക്കുന്ന നിലവാരത്തിനപ്പുറം കുതിച്ചിരുന്നു. 

അഞ്ച് വ്യാപാര ദിനത്തിനിടെ ലോറസ് ലാബിന്റെ ഓഹരി വില പത്തുശതമാനത്തോളമാണ് താഴെപ്പോയത്. ആരതി ഇൻഡസ്ട്രീസ് ഒമ്പതുശതമാനം തകർച്ചനേരിട്ടു. ഡാൽമിയ ഭാരത് ആറ് ശതമാനവും ദീപക് നൈട്രേറ്റ് 16ശതമാനവും താഴ്ന്നു. അതുൽ ലിമിറ്റഡിന് 10ശതമാനവും. ജൂബിലിന്റ് ഫയർവർക്‌സ്, അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസസ്, എസ്ആർഎഫ്, വോൾട്ടാസ്, ഗോദ്‌റേജ് പ്രോപ്പർട്ടീസ് തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു. 

ഹ്രസ്വകാലത്തേക്ക് വിപണിയിൽ അസ്ഥിരതയുണ്ടാകാമെങ്കിലും ഗുണനിലവാരമുള്ള ഓഹരികളിൽ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാനുള്ള അവസരമാണിതെന്നാണ് വിലയിരുത്തൽ. ദീർഘകാല വളർച്ചക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന് വിദ്ഗധർ പറയുന്നു. 

വരാനിരിക്കുന്ന ഉത്സവസീസണും കമ്പനികളുടെ പ്രവർത്തനഫലങ്ങളും സമ്മർദത്തെ അതിജീവിച്ച് വിപണിയെ വീണ്ടും നേട്ടത്തിലെത്തിക്കും. അതിനുമുമ്പ് വിലകൂടിയ സ്‌മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികൾ വിറ്റ് ലാഭമെടുക്കാം. ഗുണമേന്മയുള്ള കമ്പനികളിലേക്ക് മാറുകയുംചെയ്യാം.