കൊച്ചി: സൂചികകൾ മാറിമറിയുകയും നിക്ഷേപത്തിലെ നഷ്ടസാധ്യതകുറയുകയും ചെയ്ത ഫെബ്രുവരിയിൽ മികച്ച പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസുകൾ (പിഎംഎസ്) വിപണിയേക്കാൾ മികച്ച പ്രകടനം നടത്തി. 

നിക്ഷേപകർക്കിടയിൽ ഈ പ്രവണത സ്വാധീനം ചെലുത്തിയാൽ സമ്പത്തിന്റെ കൈകാര്യ മേഖലയിൽ പുതിയൊരു അധ്യായം തുറക്കപ്പെടുമെന്ന് സാമ്പത്തിക വിദഗ്ധർ കരുതുന്നു. ഓഹരിവിലകൾ കുതിച്ചുയരുമ്പോഴും സൂചികകളേക്കാൾ മികച്ച നേട്ടമുണ്ടാക്കാൻ പോർട്ഫോളിയോ മാനേജർമാരെ സഹായിച്ചത് മികച്ച ഓഹരികൾ തെരഞ്ഞെടുത്തതും ചെറുകിട, ഇടത്തരം ഓഹരികളിലേക്കുമാറാൻ കാണിച്ച താൽപര്യവുമാണ്.

ഓഹരികളിൽ ദീർഘകാലയളവിലേക്ക് നിക്ഷേപം തുടരുന്നതിനോടൊപ്പം വിപണിയുടെ ചലനങ്ങൾക്കനുസരിച്ച് നിക്ഷേപം ക്രമപ്പെടുത്തുക കൂടി ചെയ്യുക എന്നതാണ് ഞങ്ങളുടെ വിജയമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സീനിയർ ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് (പിഎംഎസ്) കെ.ദിലീപ് പറയുന്നു.   

190 ഓളം പിഎംഎസ് പദ്ധതികൾ പിന്തുടരുന്ന സ്വകാര്യ ഗവേഷണ സ്ഥാപനമായ പിഎംഎസ് ബസാർ ഡോട്കോമിന്റെ കണക്കുകളനുസരിച്ച്, ഫെബ്രുവരിയിൽ നിഫ്റ്റി സൂചിക 6.6 ശതമാനത്തിന്റെ മിതമായ നേട്ടമുണ്ടാക്കിയപ്പോൾ ഉയർന്ന പിഎംഎസ് പദ്ധതികൾ വിപണിയിൽ 15 ശതമാനം മുതൽ 20 ശതമാനം വരെആദായമുണ്ടാക്കിയിട്ടുണ്ട്. ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കുന്ന 10 മികച്ച പിഎംഎസ് പദ്ധതികളിൽ എട്ടും ചെറുകിട, ഇടത്തരം ഓഹരികളിൽ നിക്ഷേപിച്ചിട്ടുള്ളവയാണ്.

2021ലെ ആദ്യ മാസം മികച്ച പ്രകടനം കാഴ്ചവച്ച പിഎംഎസ് പദ്ധതികളിൽ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചെറുകിട, ഇടത്തരം പദ്ധതിയായ അഡ്വാന്റേജ് പോർട്ഫോളിയോ, സെൻട്രം പിഎംഎസ്‌ന്റെ രണ്ടു ഇടത്തരം ഓഹരി പദ്ധതികൾ, റൈറ്റ് ഹൊറൈസൺസിന്റെ സൂപ്പർ വാല്യു ഫണ്ട് എന്നിവ ഉൾപ്പെടുന്നതായി പിഎംഎസ് ബസാർ ഡോട്കോമിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു.