മുംബൈ: നീരവ് മോദി തട്ടിപ്പിനെതുടര്‍ന്ന് ദിനംപ്രതി ഇടിഞ്ഞുകൊണ്ടിരിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി വില 20മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി.

മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് പാപ്പരത്ത ഹര്‍ജി നല്‍കിയതിനെതുടര്‍ന്ന് ആറ് ശതമാനമാണ് പിഎന്‍ബിയുട ഓഹരി വിലയില്‍ ഇന്ന് ഇടിവുണ്ടായത്.

മുന്‍ദിവസത്തെ ക്ലോസിങ് നിരക്കില്‍നിന്ന് 6.45ശതമാനമിടിഞ്ഞ് ഓഹരിവില 92 നിലവാരത്തിലെത്തി. 2016 ജൂണ്‍ 20നാണ് ഇതിനുമുമ്പ് ഇത്രയും താഴ്ന്ന നിലവാരത്തില്‍ ഓഹരിവിലയെത്തിയത്. 

തട്ടിപ്പ് പുറത്തുവന്ന ഫെബ്രുവരി 14നുശേഷം ബിഎസ്ഇയില്‍ 37 ശതമാനമാണ് പിഎന്‍ബി ഓഹരിയുടെ മൂല്യമിടിഞ്ഞത്. എന്‍എസ്ഇയില്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലുമെത്തി. 

മോദിയുടെയും കൂട്ടാളിയായാ ചോക്‌സിയുടെയും പങ്കാളിത്തമുള്ള ഗീതാഞ്ജലി ജെംസിന്റെ ഓഹരി വിലയിലും ഇടിവ് തുടരുകയാണ്. അഞ്ച് ശതമാനമാണ് ഇന്ന് നഷ്ടമായത്. ഓഹരിവില 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 21.30രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.