Photo: gettyimages
നിര്‍ണായകമായ 20,000 എന്ന ഉയരം പിന്നിട്ട് നിഫ്റ്റി മുന്നേറുകയാണ്. മിഡ്-സ്‌മോള്‍ ക്യാപ് സൂചികകള്‍ ഇടയ്‌ക്കൊന്ന് കുലുങ്ങിയെങ്കിലും അമിത മൂല്യത്തിലാണ് ഇപ്പോഴുമുള്ളത്. വരുംദിവസങ്ങളിലും വിപണിയില്‍ കുതിപ്പ് തുടര്‍ന്നേക്കാം. ബുള്ളിഷ് തരംഗം തുടരുന്ന സാഹചര്യത്തില്‍ നിക്ഷേപ തീരുമാനം കരുതലോടെയാകട്ടെ.
വികസ്വര വിപണികളില്‍ ഇപ്പോഴും ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. അതുകൊണ്ടാണ് വിദേശ നിക്ഷേപത്തിന്റെ കുതിപ്പ് തുടരുന്നതും. മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപം കുതിക്കുന്നതിനാല്‍ വന്‍കിട ആഭ്യന്തര നിക്ഷേപകരുടെ ഇടപെടലും ശക്തമാണ്. മികച്ച നേട്ടം ലഭിച്ചതോടെ നിക്ഷേപകര്‍ ഇടത്തരം ചെറുകിട ഓഹരികളിലേക്ക് കൂട്ടത്തോടെ നിങ്ങുന്നു. 30 ശതമാനത്തിലേറെ നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയതോടെ റീട്ടെയില്‍ നിക്ഷേപകരുടെ ഇഷ്ട സെഗ്മെന്റായി സ്‌മോള്‍, മിഡ് ക്യാപ് ഫണ്ടുകള്‍. ശക്തമായ റാലിക്ക് ഇതും കാരണമായി.
നിലവിലെ മൂല്യം ശരാശരിക്ക് മുകളില്‍തന്നെയാണ്. എന്നിരുന്നാലും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ നിഫ്റ്റി 15 മുതല്‍ 18 ശതമാനംവരെ മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തലുകള്‍. ഒരു ദശാബ്ദത്തിനിടെ നിഫ്റ്റിയുടെ ആര്‍ഒഇ(RoE) 15 ശതമാനത്തിന് മുകളിലെത്തിയിരിക്കുന്നു. മിഡ്-സ്‌മോള്‍ ക്യാപ് വിഭാഗങ്ങളിലെ ഉയര്‍ന്ന മൂല്യം തുടരുന്നതിനാല്‍ നിക്ഷേപകര്‍ അതിജാഗ്രത പുലര്‍ത്തേണ്ട സമയവുമാണ്.
ദുര്‍ബലമായ മണ്‍സൂണ്‍, ഉയരുന്ന ക്രൂഡ് വില എന്നിവ വിപണിക്ക് പ്രതികൂലമാണ്. പ്രവചിക്കാന്‍ കഴിയാത്ത അപകട സാധ്യതയും തള്ളിക്കളയാനാവില്ല. ക്രൂഡ് വില ഉയരുന്നത് സര്‍ക്കാരുകളുടെ മൂലധന നിക്ഷേപത്തെ ബാധിച്ചേക്കാം. ഡോളറിനെതിരെ രൂപയുടെ മൂല്യത്തെയും എണ്ണവില ബാധിക്കും. ഹ്രസ്വകാലയളവിലെങ്കിലും വിപണിയില്‍ ചലനങ്ങളുണ്ടാക്കാന്‍ ഇതൊക്കെ പര്യാപ്തമാണ്.
സ്‌മോള്‍ ക്യപില്‍ അതിജ്രാഗ്രത
സ്‌മോള്‍ ക്യാപുകള്‍ ഉയര്‍ന്ന മൂല്യത്തില്‍ തുടരുന്നതിനാല്‍ കരുതലോടെ നീങ്ങുക. ഈ സെഗ്മെന്റില്‍ 15-20 ശതമാനത്തിന് മുകളില്‍ നിക്ഷേപം ക്രമീകരിക്കേണ്ടതില്ല. ചിട്ടയായ നിക്ഷേപത്തിന്റെ ഭാഗമായുള്ള എസ്.ഐ.പി തുടരുക. ഒറ്റത്തവണ വലിയ തുക നിക്ഷേപിക്കുന്നത് ഒഴിവാക്കാം.
റീബാലന്‍സിങ് ഉചിതമാണോ?
സ്‌മോള്‍-മിഡ് ക്യാപ് വിഹിതം കൂടുതലാണെങ്കില്‍ അതിലൊരു ഭാഗം വന്‍കിട ഓഹരികളിലേക്ക് മാറ്റാം. ആസ്തി വിഭജനത്തിന്റെ ഭാഗമായി നിശ്ചിത ശതമാനം നിക്ഷേപം ഓഹരിയില്‍ നിലനിര്‍ത്തുന്നവര്‍, 5-10 ശതമാനത്തിന് ഇടക്കാണ് വ്യതിയാനമെങ്കില്‍ സ്ഥിര നിക്ഷേപത്തിലേക്ക് ഇപ്പോള്‍ ബാലന്‍സ് ചെയ്യേണ്ടതില്ല.
ദീര്‍ഘകാലയളവില്‍ ഓഹരികളിലെ മുന്നറ്റം തുടരുമെന്നുതന്നെയാണ് സൂചന. അതുകൊണ്ടുതന്നെ കരുതലോടെ നിക്ഷേപം തുടരാം. വന്‍കിട ഓഹരികളില്‍ വിഹിതമുയര്‍ത്തിക്കൊണ്ടാകണം അത്. ഘട്ടംഘട്ടമായി നിക്ഷേപിക്കുന്ന രീതി പിന്തുടരാം. കൈവശമുള്ള തുകയുടെ 20 ശതമാനവരെ ഇപ്പോള്‍ നിക്ഷേപിക്കാം. ചെറിയ തിരുത്തലുണ്ടാകുമ്പോള്‍ നിക്ഷേപം നടത്താനായി കാത്തിരിക്കാം.
പണത്തിന് സമീപകാലയളവില്‍ അത്യാവശ്യമില്ലെങ്കില്‍, വിപണി തകരുമോയെന്ന ഭയത്തില്‍ നിക്ഷേപം പിന്‍വലിക്കേണ്ടതില്ല. കാരണം തിരിച്ച് പ്രവേശിക്കല്‍ എളുപ്പമാവില്ല. അതേസമയം, ഈ റാലി നിങ്ങള്‍ക്ക് മിസ് ആയെങ്കില്‍, അത് പരിഹരിക്കാന്‍ വിപണിയിലേക്ക് എടുത്തുചാടുകയുമരുത്. പ്രത്യേകിച്ചും സ്‌മോള്‍ ക്യാപുകളിലേക്കും മറ്റും. കരുതലോടെ മികച്ച ഗുണമേന്മയുടെ ഓഹരികളില്‍ ഘട്ടംഘട്ടമായി നിക്ഷേപിക്കാം.
Content Highlights: Peak market strategy:Stay invested, rebalance portfolio


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..