ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ പേടിഎം 22,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഐപിഒയുമായെത്തുന്നു. ഐപിഒ വിജയമായാൽ 2010നുശേഷം ഇതാദ്യമാകും ഒരു ഇന്ത്യൻ കമ്പനി ഇത്രയുംവലിയ തുക വിപണിയിൽനിന്ന് സമാഹരിക്കുന്നത്. 

കോൾ ഇന്ത്യ സമാഹരിച്ച 15,475 കോടി രൂപയാണ് ഈകാലയളവിലെ റെക്കോഡ്. പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 ബോർഡ് യോഗത്തിൽ ഐപിഒയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. 

സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്, ആന്റ് ഗ്രൂപ്പ്, ബെർക്ക്‌ഷെയർ ഹാത് വെ തുടങ്ങിയ ആഗോള നിക്ഷേപഭീമന്മാർക്ക് പേ ടിഎമ്മിൽ ഉമസ്ഥാവകാശമുണ്ട്. അസറ്റ് മാനേജുമെന്റ്, ഇൻഷുറൻസ്, ബ്രോക്കിങ്, ഇ-കൊമേഴ്‌സ് മേഖലകളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. 3.5 കോടിയിലേറെ ഉപഭോക്കാത്തളുമുണ്ട്. 

രാജ്യത്തെതന്നെ മുൻനിര ഡിജിറ്റൽ പണമിടപാട് സ്ഥാപനങ്ങളിലൊന്നാണ് പേടിഎം. യുപിഎ അടിസ്ഥാനമാക്കിയുള്ള ഇടപാടിൽ 12ശതമാനമാണ് പേടിഎമ്മിന്റെ വിഹിതം. മാർച്ചിലെ കണക്കുപ്രകാരം 14 ലക്ഷം ഇടപാടുകളാണ് പേടിഎംവഴി നടന്നത്. 

വൻകിട ഐപിഒകൾ
കോൾ ഇന്ത്യ-മെയ് 5,2020-15,475 കോടി
റിലയൻസ് പവർ-ജനുവരി 1, 2008-11,700 കോടി
ജനറൽ ഇൻഷുറൻസ്-ഓഗസ്റ്റ് 8, 2017-11,373 കോടി
എസ്ബിഐ കാർഡ്‌സ്-ഫെബ്രുവരി 20, 2020-10,355 കോടി
ന്യൂ ഇന്ത്യ അഷ്വറൻസ്-ഓഗസ്റ്റ് 9, 2017-9,600 കോടി