ഗോളതലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വിറ്റൊഴിയുന്നു. ഒക്ടോബര്‍ മുതല്‍ 32,000 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികളാണ് വിറ്റതെന്ന് എന്‍എസ്ഡിഎലില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. 

എന്തുകൊണ്ട് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നു?
ആഗോള-ആഭ്യന്തരകാരണങ്ങളാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിനുപിന്നില്‍. ആഗോളതലത്തിലുള്ള വിലക്കയറ്റം, ഒമിക്രോണ്‍ വകഭേദമുയര്‍ത്തുന്ന അനിശ്ചിതത്വം, യുഎസ് ഫെഡ് റിസര്‍വിന്റെ പ്രഖ്യാപനം തുടങ്ങിയവയാണ് പ്രധാനകാരണങ്ങള്‍. പ്രതീക്ഷക്കൊത്തുയരാത്ത കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍, ഉയര്‍ന്ന മൂല്യത്തില്‍ തുടരുന്ന വിപണി തുടങ്ങിയവ ആഭ്യന്തര കാരണങ്ങളുമായി. 

തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പ സൂചിക ഉയരുന്നതിനാല്‍ 2022ല്‍ പലിശനിരക്കുകള്‍ ഉയര്‍ത്താന്‍ ഫെഡ് റിസര്‍വ് തീരുമാനിച്ചത് വിദേശ നിക്ഷേപകരെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കാം. ആഗോള ഫണ്ടുകള്‍ രാജ്യത്തെ ബോണ്ട് വിപണിയില്‍നിന്ന് വന്‍തോതില്‍ പണംപിന്‍വലിക്കുന്നതിന് അത് കാരണമാകും. 

വിപണി തിരിച്ചുകയറുമോ?
സാമ്പത്തിക വളര്‍ച്ചയോടൊപ്പം കോര്‍പറേറ്റ് വരുമാനത്തിലും വര്‍ധനവുണ്ടാകുന്നതോടെ വിപണി വീണ്ടും പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് നിക്ഷേപലോകത്തിന്റെ പ്രതീക്ഷ. ലോകത്തില്‍ ഏറ്റവുംവേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായ ഇന്ത്യ വിദേശ നിക്ഷേപകരുടെ ഇഷ്ടനിക്ഷേപകേന്ദ്രമായി തുടരുമെന്നുതന്നെയാണ് വിലയിരുത്തല്‍. ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയുള്ള ഓഹരികളാകും അവരുടെ ലക്ഷ്യം.

ഏതൊക്കെ മേഖലകള്‍
എന്‍എസ്ഡിഎലില്‍നിന്ന് ലഭിക്കുന്ന കണക്കുകള്‍ പ്രകാരം, ബാങ്ക്, മറ്റ് ധനകാര്യ സേവനമേഖല തുടങ്ങിയ കമ്പനികളില്‍നിന്നാണ് വിദേശ നിക്ഷേപകര്‍ വ്യാപകമായി പിന്മാറിയതെന്നുകാണാം. നവംബര്‍ 30ലെ കണക്കുപ്രകാരം 16,09 ലക്ഷം കോടി രൂപയില്‍നിന്ന് 14,64 ലക്ഷം കോടിയായി ഈ സെക്ടറുകളിലെ നിക്ഷേപം അവര്‍ കുറച്ചതായി കാണുന്നു. 1.45 ലക്ഷം കോടിയുടെ വില്പനയാണ് നടന്നത്. ഓയില്‍ ആന്‍ഡ് ഗ്യാസ്, സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വീസസ്, വാഹനം, വാഹന ഘടകഭാഗങ്ങള്‍, ലോഹം, ഖനനം തുടങ്ങിയ സെക്ടറുകളില്‍നിന്നും വ്യാപകമായി പിന്മാറ്റമുണ്ടായി. 

ഇഷ്ട ഓഹരികള്‍
സെപ്റ്റംബര്‍ 30ലെ കണക്കുപ്രകാരം ബിഎസ്ഇ 500 സൂചികയില്‍ ആറ് ഓഹരികളാണ് നിക്ഷേപകര്‍ കൂടുതലായി കൈവശംവെച്ചിരിക്കുന്നതെന്നുകാണാം. എച്ച്ഡിഎഫ്‌സി(71.95ശതമാനം), സീ എന്റര്‍ടെയ്ന്‍മെന്റ്(57.18ശതമാനം), ആക്‌സിസ് ബാങ്ക് (54.53ശതമാനം), ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് (53.67ശതമാനം)ഇന്‍ഡസിന്‍ഡ് ബാങ്ക് (51.44 ശതമാനം) എന്നിവയാണവ. നടപ്പ് പാദത്തിന്റെ തുടക്കംമുതല്‍ ഇന്‍ഡസിന്‍ഡ് ബാങ്കിന്റെ ഓഹരിയിലുണ്ടായി ഇടിവ് 16.50ശതമാനമാണ്. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവക്ക് യഥാക്രമം 7.43ശതമാനവും 1.96ശതമാനവും നഷ്ടംനേരിട്ടു. അതേസമയം, ഇതേകാലയളവില്‍ സീ എന്റര്‍ടെയ്ന്‍മെന്റ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ശ്രീരാം ട്രാന്‍സ്‌പോര്‍ട് ഫിനാന്‍സ് എന്നിവ യഥാക്രമം 21.55ശതമാനം, 16.07ശതമാനം, 2.54ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു. 

ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ജൂബിലന്റ് ഫുഡ് വര്‍ക്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, പിവിആര്‍, ഇന്‍ഫോ എഡ്ജ്, ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്, യുപിഎല്‍ എന്നിവയുടെ ഓഹരികള്‍ 35ശതമാനത്തിലേറെ വിദേശ നിക്ഷേപകരുടെ കൈവശമുണ്ട്. എന്തെങ്കിലും കാരണത്താല്‍ ഇവയിടെ വിഹിതം കുറച്ചാല്‍ ഓഹരികളില്‍ കനത്ത സമ്മര്‍ദമുണ്ടായേക്കാമെന്നകാര്യം നിക്ഷേപകര്‍ ശ്രദ്ധിക്കണ്ടതുണ്ട്.