500ലേറെ ഇന്ത്യൻ ജീവനക്കാരാണ് നിമിഷനേരംകൊണ്ട് കോടീശ്വരന്മാരായത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനിയായ ഫ്രഷ് വർക്‌സിന്റെ ഓഹരി വിപണിയിലേക്കുള്ള ചുവടുവെപ്പാണ് ഈനേട്ടത്തിന്റെ കഥപറയുന്നത്. 

ബില്യൺ ഡോളർ ഐപിഒയുമായിവന്ന് നാസ്ദാക്ക് സ്റ്റോക്ക് എക്‌സചേഞ്ചിൽ ലിസ്റ്റ് ചെയ്തയുടെനെ ഓഹരി വില 32ശതമാനമാണ് കുതിച്ചത്. ഐടി കമ്പനിയുടെ ഓഹരികൾ ബുധനാഴ്ച ക്ലോസ് ചെയ്തത് 47.55 ഡോളർ നിലവാരത്തിലാണ്. വിപണിമൂല്യമാകട്ടെ 13 ബില്യൺ ഡോളറായി ഉയരുകയുംചെയ്തു. 

കോടീശ്വരന്മാരായ ഇന്ത്യൻ ജീവനക്കാരിൽ 70ഓളംപേർ 30വയസ്സിന് താഴെയുള്ളവരാണ്. ഫ്രഷ് വർക്‌സിന്റെ സിഇഒയും സ്ഥാപകനുമായ ഗിരീഷ് മാതൃഭൂതം നാസ്ദാക്കിലെ അരങ്ങേറ്റത്തെ സ്വപ്‌ന സാക്ഷാത്കാരമെന്നാണ് ട്വിറ്ററിൽ വിശേഷിപ്പിച്ചത്. തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ ചെറിയതോതിൽ ആരംഭിച്ച സ്ഥാപനമാണ് 11 വർഷംകൊണ്ട് ഈനേട്ടം സ്വന്തമാക്കിയത്. 

2010ൽ ആരംഭിച്ച സ്ഥാപനം സിലിക്കൺ വാലിയിലേക്ക് മാറിയെങ്കിലും ചെന്നൈയിലും ഓഫീസ് പ്രവർത്തിച്ചിരുന്നു. ആഗോളതലത്തിൽ കമ്പനിക്ക് 4,300 നിലവിൽ ജീവനക്കാരുണ്ട്. 

ജീവനക്കാരിൽ 76ശതമാനംപേരും കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സോഫ്റ്റ് വെയർ സ്ഥാപനം യുഎസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ്‌ചെയ്യുന്നത്. സെക്വേയ ക്യാപിറ്റൽ, ക്യാപിറ്റൽ ജി എന്നീ സ്ഥാപനങ്ങളിൽനിന്ന് 150 മില്യൺ ഡോളർ നിക്ഷേപം കമ്പനി നേരത്തെ സമാഹരിച്ചിരുന്നു.