
Photo: Gettyimages
രാജ്യത്തെ ചെറുകിട നിക്ഷേപകര്‍ക്ക് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്(എന്‍എസ്ഇ)പ്ലാറ്റ്‌ഫോംവഴി ഇനി യുഎസ് ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കാം. മാര്‍ച്ച് മൂന്നുമുതലാണ് ഈ സൗകര്യം ലഭിക്കുക.
ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ്, ടെസ് ല, ബെര്‍ക് ഷെയര്‍, നെറ്റ്ഫ്‌ളിക്‌സ്, മെറ്റാ പ്ലാറ്റ്‌ഫോമുകള്‍, മാസ്റ്റര്‍ കാര്‍ഡ്, ജെ.പി മോര്‍ഗന്‍, മോര്‍ഗന്‍ സ്റ്റാന്‍ലി, നൈക്ക്, വാള്‍മാര്‍ട്ട്, വാള്‍ട്ട് ഡിസ്‌നി, ബാങ്ക് ഓഫ് അമേരിക്ക ഉള്‍പ്പടെ മികച്ച 50 കമ്പനികളില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് തുടക്കത്തില്‍ ലഭ്യമാകുക.
എന്‍എസ്ഇ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് (എന്‍.എസ്.ഇ. ഐ.എഫ്.എസ്.സി)വഴിയാണ് നിക്ഷേപ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഗിഫ്റ്റ് സിറ്റിയില്‍ തുറന്നിട്ടുള്ള ഡീമാറ്റ് അക്കൗണ്ടുകളില്‍ നിക്ഷേപകര്‍ക്ക് ഡെപ്പോസിറ്ററി രസീതുകള്‍ കൈവശംവെയ്ക്കാനാകും.
നിക്ഷേപംനടത്തിയിട്ടുള്ള കമ്പനികളില്‍നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും എന്‍എസ്ഇയുടെ ഉടമസ്ഥതയിലുള്ള സംവിധാനംവഴി സ്വീകരിക്കാനും നിക്ഷേപകര്‍ക്കാകും.
രാജ്യത്ത് ആദ്യമായി
രാജ്യത്തുതന്നെ ആദ്യമായാണ് ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് തുറക്കുന്നത്. സുരക്ഷിതമായി നിക്ഷേപം നടത്താമെന്നതാണ് പ്രത്യേകത. വിദേശരാജ്യങ്ങളിലുള്ള ബ്രോക്കര്‍ക്ക് പണംകൈമാറി ഇനി ഓഹരി ഇടപാട് നടത്തേണ്ടതില്ലെന്ന് ചുരുക്കം. രാജ്യത്ത് അംഗീകൃത സംവിധാനംവരുന്നതോടെ സുരക്ഷിതമായ പണം കൈമാറ്റം സാധ്യമാകുന്നതോടൊപ്പം ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടില്‍ സൂക്ഷിക്കാനും കഴിയും. എന്‍എസ്ഇ ഐഎഫ്എസ് സി സംവിധാനംവഴി രാജ്യത്ത് നിലവിലുള്ള ബ്രോക്കറുമായി ഇടപാട് നടത്താനുള്ള സൗകര്യവും ഭാവിയില്‍ ലഭിച്ചേക്കാം.
Also Read
എത്രതുക നിക്ഷേപിക്കാം?
റിസിര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം(എല്‍ആര്‍എസ്)പരിധിയിലാകും ഇടപാട് സാധ്യമാകുക. നിലവിലെ മാനദണ്ഡമനുസരിച്ച് ഇന്ത്യക്കാര്‍ക്ക് ഒരു സാമ്പത്തിക വര്‍ഷം 2,50,000 ഡോളര്‍വരെ കൈമാറ്റംചെയ്യാന്‍ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം വഴി കഴിയും. അതായത് പ്രതിവര്‍ഷം 2.50 ലക്ഷം ഡോളര്‍ യുഎസ് ഓഹരികളില്‍ നിക്ഷേപിക്കാന്‍ കഴിയുമെന്ന് ചുരുക്കം.
ഇടപാട് സമയം
യുഎസ് വിപണിയുടെ പ്രവര്‍ത്തനസമയംതന്നെയാകും ബാധകം. അതായത് ഇന്ത്യന്‍ സമയം രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ 2.45 വരെയാണ് വ്യാപാരം സാധ്യമാകുക.
ഐഎഫ്എസ് സി പ്ലാറ്റ്‌ഫോംവഴി ആഗോള ഓഹരികളില്‍ നിക്ഷേപിക്കാനുള്ള അനുമതി അടുത്തയിടെയാണ് ആര്‍ബിഐ നല്‍കിയത്. രാജ്യത്തെ നിക്ഷേപകര്‍ക്ക് പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരണത്തിന് ഗുണകരമാകുന്നതാണ് പുതിയ നീക്കം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..