മുംബൈ: നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ എന്‍എസ്ഇയും മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയും കാര്‍വിയുടെ ട്രേഡിങ് ലൈസന്‍സ് റദ്ദാക്കി.

ഉപഭോക്താക്കളുടെ ഓഹരികളും ഫണ്ടുകളും ദുരുപയോഗം ചെയ്തതിന് സെബി വിലക്കേര്‍പ്പെടുത്തിയതിനെതുടര്‍ന്നാണിത്. 

എന്‍എസ്ഇയ്ക്കും ബിഎസ്ഇക്കും പുറമെ, മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്(എംസിഎക്‌സ്), എംഎസ്ഇഐയും ലൈസന്‍സ് റദ്ദ്‌ചെയ്തിട്ടുണ്ട്. 

ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന് നവംബര്‍ 22നാണ് സെബി കാര്‍വിക്കെതിരെ നടപടിയെടുത്തത്. പുതിയതായി ആര്‍ക്കും ട്രേഡിങ് അക്കൗണ്ട് നല്‍കരുതെന്ന് വിലക്കിയിരുന്നു. നിലവിലുള്ളവരുടെ പവര്‍ ഓഫ് അറ്റോര്‍ണി അധികാരം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

ഉപഭോക്താക്കളുടെ ഓഹരികള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയല്ലാതെ വില്‍ക്കുകയും പണയംവെയ്ക്കുകയും ചെയ്തതായി എന്‍എസ്ഇ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സെബിയുടെ നിയന്ത്രണംവന്നത്. 

കാര്‍വി-യുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായി പരിശോധിക്കാന്‍(ഫോറന്‍സിക് ഓഡിറ്റ്) സെബി ഓഹരി വിപണിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

NSE, BSE suspend Karvy's trading license