മുൻആഴ്ചയിലെ നഷ്ടം ഒരുപരിധിവരെ തിരുച്ചുപിടിച്ച് സൂചികകൾ വീണ്ടും കരുത്തുകാട്ടി. ഒക്ടോബർ എട്ടിന് അവസാനിച്ച വ്യാപാര ആഴ്ചയിൽ രണ്ടുശതമാനത്തിലേറെയാണ് നേട്ടമുണ്ടാക്കിയത്. കമ്പനികൾ മികച്ച പാദഫലങ്ങൾ പുറത്തുവിടുമെന്ന പ്രതീക്ഷയും റിസർവ് ബാങ്ക് പതിവുപോലെ നിരക്കുകളിൽ മാറ്റംവരുത്താതിരുന്നതും മൂഡിസ് അനുമാനം ഉയർത്തിയതുമൊക്കെയാണ് വിപണിയിൽ പ്രതിഫലിച്ചത്. 

കടപ്പത്രങ്ങളിലെ ആദായവർധനയും അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പും നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 'ഫിച്ച്' കുറച്ചതുമൊക്കെ വിപണിക്ക് ഭീഷണി ഉയർത്തുന്നുമുണ്ട്. 2021ലെ ആഗോള സാമ്പത്തിക വളർച്ച ഐഎംഎഫ് ആറുശതമാനമായി കുറച്ചതിനെ അത്രതന്നെ കുറച്ചുകാണാനും കഴിയില്ല.

പോയ വ്യാപാര ആഴ്ചയിൽ സെൻസെക്‌സ് 1293.48(2.20ശതമാനം)പോയന്റാണ് നേട്ടമുണ്ടാക്കിയത്. 60,059.06ലായിരുന്നു ക്ലോസിങ്. നിഫ്റ്റിയാകട്ടെ 363.15(2.07ശതമാനം)ഉയർന്ന് 17,895.20 നിലവാരത്തിലുമെത്തി. ബിഎസ്ഇ സ്‌മോൾ ക്യാപ് സൂചിക 3.9ശതമാനവും മിഡ് ക്യാപ് സൂചിക 2.4ശതമാനവും ഉയർന്നു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി 4.6ശതമാനം നേട്ടത്തോടെ മികച്ച പ്രകടനംകാഴ്ചവെച്ചു. മീഡിയ, ഓട്ടോ സൂചികകൾ 4.5ശതമാനവും ഉയർന്നു. 

വിപണിമൂല്യത്തിന്റെകാര്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസിനെക്കൂടാതെ ടിസിഎസ്, ഇൻഫോസിസ്, ടൈറ്റാൻ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. രാജ്യത്തെ സൂചികകൾ നേട്ടമുണ്ടാക്കിയപ്പോഴും വിദേശ നിക്ഷേപകർ വിറ്റൊഴിയാന് വെമ്പൽകാണിച്ചു. പോയവാരം 3,685.65 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 3,458.05 കോടി രൂപയുടെ നിക്ഷേപം നടത്തുകയുംചെയ്തു. 

വരുംആഴ്ച
വിപണിയുടെനീക്കത്തിൽ വരുംആഴ്ചയും ആഗോള കാരണങ്ങൾ ആധിപത്യംപുലർത്തിയേക്കാം. വിലക്കയറ്റ ഭീഷണിയും ഊർജപ്രതിസന്ധിയും നിലനിൽക്കെതന്നെ കമ്പനികളുടെ പാദഫലങ്ങളാകും വിപണിയെ സ്വാധീനിക്കുക. 

സെപ്റ്റംബർ പാദത്തിലെ കമ്പനികളുടെ പ്രവർത്തനഫലങ്ങളിലാണ് നിക്ഷേപകരുടെ പ്രതീക്ഷ. കോവിഡ് രണ്ടാംതരംഗത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട് ഭാഗികമായെങ്കിലും ശ്വാസംനേരെവിട്ട പാദമാണ് കമ്പനികൾ പിന്നിടുന്നത്. സ്വാഭാവികമായും മുൻപാദങ്ങളെ അപേക്ഷിച്ച് പ്രതീക്ഷക്ക് വകയുണ്ട്. പകർച്ചവ്യാധി ഇനിയുംവിട്ടുപോകാത്ത സാഹചര്യത്തിൽ വേഗത്തിലുള്ള വളർച്ചയെ അനുകൂലമായി കാണാൻ കഴിയില്ലെങ്കിലും ചില പ്രധാനമേഖലകളിലെ പ്രതിരോധവും മുന്നേറ്റവും ആശ്വാസകരമാണ്. 

രാജ്യത്തെ വളർച്ചയിൽ നിർണായക സ്വാധീനംചെലുത്തുന്ന ബാങ്കിങ് സെക്ടർ മികച്ച വളർച്ചാ സാധ്യതയാണ് മുന്നോട്ടുവെക്കുന്നതെന്നത് അനുകൂലഘടകമാണ്. രണ്ടാമത് എടുത്തുപറയേണ്ട മേഖലയാണ് സോഫ്റ്റ് വെയർ സർവീസ്. കോവിഡിനുശേഷമുള്ള സാങ്കേതികമുന്നേറ്റത്തിന് കമ്പനികൾ കൂടുതൽ പണം ചെലവഴിക്കാൻതയ്യാറായത് ഐടി കമ്പനികൾക്ക് നേട്ടമായി. വർക്ക് ഫ്രം ഹോം ഉൾപ്പെടുയള്ളവയിലൂടെ പരമാവധി ചെലവുകുറയക്കാനും കഴിഞ്ഞതോടെ വരുംപാദങ്ങളിലും മികച്ച പ്രവർത്തനഫലങ്ങളാണ് ഐടി മേഖലയിൽനിന്ന് പ്രതീക്ഷിക്കുന്നത്. ഉത്പന്നങ്ങളുടെ വിലയിലെ കുതിപ്പും ലഭ്യതക്കുറവുംമൂലം നേട്ടമുണ്ടാക്കിയ സെക്ടറുകളാണ് സ്റ്റീൽ, അലുമിനിയം, സിമെന്റ്, കെമിക്കൽ തുടങ്ങിയവ. മികച്ച വില്പനയും പണലഭ്യതയുംമൂലം അലുമിനിയം, സ്റ്റീൽ കമ്പനികൾക്ക് കടബാധ്യതയിൽനിന്ന് ഒരുപരിധിവരെ പുറത്തുകടക്കാൻ സഹായിച്ചു. 

രണ്ടാംതരംഗത്തിൽനിന്ന് ഏറെക്കുറെ വിമുക്തമായതോടെ കോവിഡിനുമുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചെത്തുന്നതായാണ് വിപണിയിൽനിന്ന് ലഭിക്കുന്ന സൂചന. പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിൽ പുരോഗമിച്ചത് കോവിഡിന്റെ സാമ്പത്തികാഘാതത്തിൽനിന്ന് ഘട്ടംഘട്ടമായി പുറത്തുകടക്കാനുള്ള സാധ്യതതുറന്നു. നടപ്പ് സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന വളർച്ച 9.5ശതമാനമാണ്. 

ഒന്നരവർഷത്തിനിടെയുണ്ടായ കുതിപ്പിന് സഹായിച്ചത് വൻതോതിലുള്ള പണമൊഴുക്കും റീട്ടെയിൽ നിക്ഷേപകരുടെ അനതിസാധാരണമായ ഇടപെടലുമാണ്. കമ്പനികളുടെ വരുമാനവളർച്ചയും ബുള്ളുകളെ സ്വാധീനിച്ചു. ഘട്ടംഘട്ടമായ വീണ്ടെടുക്കലിന് സമ്പദ്ഘടന സാക്ഷിയാകുകയാണ്. ഈ തിരിച്ചുവരവ് സ്വാഭാവിക വളർച്ചയുടെ നേർസാക്ഷ്യമാണ്. ഉയർന്ന മൂല്യത്തിൽ തുടരുമ്പോഴും പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള സാധ്യതയാണ് വിപണി തുറന്നിടുന്നത്. തിരുത്തലുകൾ സ്വാഭാവികമായും പ്രതീക്ഷിക്കാം. എങ്കിലും ആഴത്തിൽ മുറിവേൽപ്പിക്കാനുള്ളശേഷി ബെയറുകൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

antonycdavis@gmail.com