മുംബൈ: രണ്ടാമത്തെ ദിവസവും സൂചികകൾ കനത്ത നഷ്ടംനേരിട്ടു. ബാങ്ക്, മെറ്റൽ, റിയാൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, പവർ, ഫാർമ എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ വില്പന സമ്മർദമാണ് സൂചികകളെ പ്രധാനമായും ബാധിച്ചത്. 

ഒക്ടോബറിലെ ഫ്യൂച്ചർ കരാറുകൾ അവസാനിക്കുന്ന ദിവസംകൂടിയായതിനാൽ നഷ്ടം കനത്തതായി. സെൻസെക്‌സ് 1158.63 പോയന്റ് താഴ്ന്ന് 59,984.70ലും നിഫ്റ്റി 353.70 പോയന്റ് നഷ്ടത്തിൽ 17,857.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

അദാനി പോർട്‌സ്, ഐടിസി, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഇൻഡസിൻഡ് ബാങ്ക്, എൽആൻഡ്ടി, അൾട്രടെക് സിമെന്റ്, ഏഷ്യൻ പെയിന്റ്‌സ്, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. 

പൊതുമേഖല ബാങ്ക്, മെറ്റൽ, റിയാൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, പവർ, ഫാർമ സൂചികകൾ 2-5ശതമാനംവരെ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾക്ക് ഒരുശതമാനംവീതം നഷ്ടമായി. 

ഏഷ്യൻ വിപണികളിലെ ദുർബലാവസ്ഥയും വിപണിയിലെ തകർച്ചക്ക് കാരണമായി. പുറത്തുവരാനിരിക്കുന്ന യുഎസിലെ ജിഡിപി കണക്കുകൾക്കായി കാത്തിരിക്കുകയാണ് ആഗോള നിക്ഷേപകർ. യുഎസ് ഫെഡറൽ റിസർവിന്റെ യോഗം അടുത്തയാഴ്ച നടക്കുന്നുണ്ട്.