മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ മികച്ച നേട്ടത്തോടെ ഓഹരി സൂചികകൾ ക്ലോസ്‌ചെയ്തു. നിഫ്റ്റി 15,800ന് മുകളിലെത്തി. സെൻസെക്‌സ് 395.33 പോയന്റ് നേട്ടത്തിൽ 52,880ലും നിഫ്റ്റി 112.20 പോയന്റ് ഉയർന്ന് 15,834.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ സെൻസെക്‌സ് 52,919 നിലവാരംവരെയെത്തിയിരുന്നു. 

ഹിൻഡാൽകോ, ഒഎൻജിസി, എസ്ബിഐ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്‌സി ലൈഫ്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 

ബാങ്ക്, മെറ്റൽ, റിയാൽറ്റി, പൊതുമേഖല ബാങ്ക് സൂചികകൾ 1-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.3-0.8ശതമാം നേട്ടമുണ്ടാക്കി. ഐടി, പവർ സെക്ടറുകളാണ് സമ്മർദംനേരിട്ടത്. 

രൂപയുടെ മൂല്യത്തിൽ 43 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ മൂല്യം 74.31 നിലവാരത്തിലാണ് ക്ലോസ്‌ചെയ്തത്. 74.30-74.55 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. ഓഹരി വിപണി നേട്ടമുണ്ടാക്കിയതാണ് രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചത്.