Photo: Gettyimages
അദാനി ഓഹരികളിലെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിച്ച് എല്‍.ഐ.സി. തിരിച്ചടികളുടെ ദിനങ്ങള്‍ പിന്നിട്ട് അദാനി ഓഹരികള്‍ നേട്ടത്തിന്റെ ട്രാക്കിലേയ്ക്ക് കടന്നതോടെയാണ് എല്‍ഐസി നില മെച്ചപ്പെടുത്തിയത്.
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയും അദാനി ഗ്രൂപ്പ് കമ്പനികളിലെ പ്രമുഖ നിക്ഷേപ സ്ഥാപനവുമായ എല്‍.ഐ.സിയുടെ അദാനി ഓഹരികളിലെ നിക്ഷേപ മൂല്യം ഏപ്രിലിനു ശേഷം 6,200 കോടി രൂപ വര്‍ധിച്ച് 45,481 കോടിയായി.
അദാനി പോര്‍ട്‌സിലെ ഓഹരികളുടെ വിപണി മൂല്യം മാര്‍ച്ച് 31ലെ 12,448 കോടി രൂപയില്‍നിന്ന് 14,463 കോടിയായി ഉയര്‍ന്നു. അദാനി എന്റര്‍പ്രൈസസിലേത് 8,493 കോടിയില്‍നിന്ന് 12,782 കോടി രൂപയുമായി. അംബുജ സിമന്റ്‌സിന്റെ മൂല്യം 4,564 കോടിയില്‍നിന്ന് 5,337 കോടിയായും എസിസിയുടെ മൂല്യം 2006 കോടി രൂപയില്‍നിന്ന് 2,189 കോടിയായും അദാനി ഗ്രീന്‍ എനര്‍ജിയുടേത് 1,893 കോടിയില്‍നിന്ന് 2,123 കോടി രൂപയായും വര്‍ധിച്ചു.
ജനുവരി അവസാനത്തോടെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികളുടെ വിപണി മൂല്യത്തില്‍ 100 ബില്യോണ്‍ ഡോളറിലധികമാണ് നഷ്ടമായത്. അതേസമയം, വില ഇടിഞ്ഞപ്പോഴും അദാനി ഗ്രൂപ്പിലെ നാല് ഓഹരികളില്‍ എല്‍.ഐ.സി ഓഹരി വിഹിതം വര്‍ധിപ്പിച്ചിരുന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ് മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ ഓഹരികളിലായിരുന്നു മാര്‍ച്ച് പാദത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തിയത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ തകര്‍ച്ചയില്‍നിന്ന് ഒരുപരിധിവരെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അദാനി ഓഹരികള്‍ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തിയ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില ഇതിനകം 159 ശതമാനം ഉയര്‍ന്നു. മെയ് മാസത്തില്‍ മാത്രം 37 ശതമാനം വര്‍ധനവുണ്ടായി.
അദാനി പോര്‍ട്‌സിന്റെ ഓഹരി വിലയാകട്ടെ റിപ്പോര്‍ട്ടിന് മുമ്പുള്ള നിലവാരത്തിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു. വില കൃത്രിമം സംബന്ധിച്ച് വീഴ്ചകളുണ്ടായിട്ടില്ലെന്ന സുപ്രീംകോടതി സമിതിയുടെ വിലയിരുത്തലിനുശേഷം, അദാനി ഓഹരികളില്‍ ഭൂരിഭാഗവും തുടര്‍ച്ചയായി മൂന്ന് വ്യാപാര ദിനങ്ങളിലും നേട്ടമുണ്ടാക്കി. ജിക്യുജി പാര്‍ട്‌ണേഴ്‌സ് നിക്ഷേപം 10 ശതമാനം ഉയര്‍ത്തിയതും അദാനിക്ക് നേട്ടമായി.
Content Highlights: Market value of LIC investment in Adani stocks hits Rs 45,000 crore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..