ആഗോള ധനകാര്യ വിപണികളില്‍ ധാരാളം പണമെത്തിയിരിക്കുന്നു. അതിനാലാണ് ഓഹരി വിപണി ഇങ്ങനെ കുതിക്കുന്നത്. ഈ അവസ്ഥയ്ക്ക് യഥാര്‍ത്ഥ സാമ്പത്തികസ്ഥിതിയുമായി യാതൊരു ബന്ധവുമില്ല. തീര്‍ച്ചയായും ഇതിനൊരു തിരുത്തല്‍ ഉണ്ടാകും. പക്ഷേ എപ്പോഴെന്ന് കൃത്യമായി പറയാന്‍ കഴിയില്ല- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇങ്ങനെ പറഞ്ഞത് ഓഗസ്റ്റ് 22 നാണ്.
വിപണികളുടെ അമിതാവേശത്തെക്കുറിച്ചുള്ള കേന്ദ്ര ബാങ്ക് മേധാവികളുടെ മുന്നറിയിപ്പുകള്‍ ഗൗരവത്തോടെകാണണം. ആസ്തി കുമിളകള്‍ പൊട്ടുമ്പോള്‍, ധനകാര്യ വിപണിയിലും സമ്പദ് വ്യവസ്ഥയിലും ദീര്‍ഘകാല ദോഷഫലങ്ങള്‍ ഉണ്ടാകും. വിലനിലവാരം അമിതമാണോ നീതീകരിക്കാവുന്നതാണോ എന്നു നിര്‍ണയിക്കുന്നതാണ് പ്രശ്നം.
അമേരിക്കയില്‍ ടെക് ബൂം ഉണ്ടായപ്പോള്‍ അവരുടെ കേന്ദ്ര ബാങ്ക് മേധാവി അലന്‍ ഗ്രീന്‍സ്പാന്‍ വിപണിയിലെ യുക്തിഹീനമായ അമിതാവേശത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രഗത്ഭനായ സാമ്പത്തിക വിഗദ്ധനും പ്രതിഭാശാലിയായ കേന്ദ്രബാങ്കറുമായ അലന്‍ ഗ്രീന്‍സ്പാന്റെ മുന്നറിയിപ്പിനുശേഷവും മൂന്നുവര്‍ഷംകൂടി വിപണി അതിന്റെ കുതിപ്പു തുടര്‍ന്നു.
1999ന്റെ അവസാനത്തോടെ നാസ്ദാക്ക് സൂചിക 4,106 എന്ന നിലവാരത്തിലെത്തി. അതായത്, ഗ്രീന്‍സ്പാന്‍ മുന്നറിയിപ്പു നല്‍കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നു മടങ്ങുകൂടുതല്‍. വിപണിയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണ്. 2000 ത്തില്‍ ഡോട്ട്കോം കുമിള തകര്‍ന്നതോടെ ഗ്രീന്‍സ്പാന്റെ മുന്നറിയിപ്പ് ശരിയായിരുന്നുവെന്നു തെളിഞ്ഞു.
ഇന്ത്യയില്‍ ഇന്നത്തെ പ്രസക്തമായ ചോദ്യങ്ങള്‍ ഇവയാണ്:
- യഥാര്‍ത്ഥ സമ്പദ് വ്യവസ്ഥയും ഓഹരി വിപണിയും തമ്മിലുള്ള പൊരുത്തക്കേട് എത്രമാത്രം ഗൗരവതരമാണ്?
- വിലകള്‍ വളരെ കൂടുതലാണോ ?
- വെല്ലുവിളികള്‍ നിറഞ്ഞ ഇക്കാലത്ത് ഏറ്റവും അനുയോജ്യമായ നിക്ഷേപ തന്ത്രം എന്താണ്?
വിപണിയുടെ എല്ലാമൂല്യതലത്തിലും ശുഭ പ്രതീക്ഷയുള്ളവരും അപകടം മണക്കുന്നവരും ഉണ്ടാകും. വിലകള്‍ വന്‍തോതില്‍ വര്‍ധിക്കുമ്പോള്‍ ചിലര്‍ അപായമുന്നറിയിപ്പുനല്‍കുന്നു. മറ്റൊരുകൂട്ടര്‍ വിലവര്‍ധനവിനെക്കുറിച്ച് ആശയപരമായ ന്യായീകരണങ്ങള്‍ നിരത്തുന്നു .
ടെക് ബൂമിലും (2000) ഹൗസിംഗ് ബൂമിലും (2008) ഉണ്ടായ വലിയ ബുള്‍തരംഗത്തിന് താത്വികമായ ന്യായീകരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈരണ്ടു കുമിളകളും പിന്നീട് തകര്‍ന്നു. അതുപോലെ ഓഹരികള്‍ക്കു വില ഗണ്യമായികുറയുകയും ഓഹരി മൂല്യങ്ങള്‍ ആകര്‍ഷകമാവുകയും ചെയ്യുമ്പോഴും വിപണിയില്‍ ഇനിയും തകര്‍ച്ചയുണ്ടാകുമെന്നു പറയുന്ന സംശയാലുക്കളുമുണ്ടാകും. ശുഭ പ്രതീക്ഷകളോ അശുഭകാഴ്ചപ്പാടുകളോ, ഏതാണ് ശരിയെന്ന് കാലത്തിനുമാത്രമേ തെളിയിക്കാന്‍ കഴിയൂ. വാറെന്‍ ബഫെറ്റിന്റെ പ്രസിദ്ധ വാക്യം ഇപ്രകാരമാണ്-നഗ്‌നരായി നീന്തിയിരുന്നത് ആരായിരുന്നുവെന്ന് തിരയടങ്ങിയാല്‍ അറിയാം!
വിപണിയിലെ മൂല്യനിര്‍ണയങ്ങള്‍ വിലയിരുത്തുന്നതിന് പലഅളവുകോളുകളുണ്ട്. പിഇ അനുപാതം, വിപണി മൂല്യ-ജിഡിപി അനുപാതം, വില- ബുക് വാല്യു അനുപാതം, ലാഭവിഹിതാനുപാതം എന്നിവയാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്.
പിഇ അനുപാതമാണ് ഇവയില്‍ ഏറ്റവും സാധാരണം. വിപണിമൂല്യ-ജിഡിപി അനുപാതമാണ് പ്രധാനമെന്നാണ് വാറന്‍ ബഫെറ്റിന്റെ കാഴ്ചപ്പാട്. പിഇ അനുപാതം നോക്കിയാല്‍ ആഗോളതലത്തില്‍ തന്നെ വിപണികളില്‍ വിലകള്‍ അമിതമാണ്. ഇപ്പോള്‍ 11600 എന്ന നിഫ്റ്റി നിലവാരത്തില്‍ പിഇ അനുപാതം 25 നു മുകളിലാണ്. 2020 സാമ്പത്തിക വര്‍ഷത്തെ ലാഭത്തിന്റെ കാഴ്ചപ്പാടില്‍ പരിശോധിക്കുമ്പോള്‍ ഇത് നീതീകരിക്കാന്‍ പ്രയാസമാണ്.
വിപണിമൂല്യം-ജിഡിപി അനുപാതം(0.76), വില-ബുക് വാല്യു അനുപാതം(2.5) എന്നീ മാനദണ്ഡങ്ങളിലൂടെ പരിശോധിക്കുമ്പോള്‍ ഇന്ത്യയിലെ ഇപ്പോഴത്തെ വിപണി മൂല്യങ്ങളെ ന്യായീകരിക്കാവുന്നതാണ്. കാരണം ഇവരണ്ടും കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയേക്കാള്‍ താഴ്ന്ന നിലയിലാണ്.
എന്നാല്‍ മാതൃവിപണിയായ യുഎസില്‍ വിപണി മൂല്യ-ജിഡിപി അനുപാതം 170 എന്ന കൂടിയ നിലയിലാണെന്ന് അറിയണം. 2000മാണ്ടിലും 2008 ലും സംഭവിച്ചതുപോലെ ഈ അനുപാതം അതിരു കടക്കുമ്പോള്‍ വിപണി തകര്‍ന്നിട്ടുണ്ട്.
രൂക്ഷമായ ആഗോള സാമ്പത്തികമാന്ദ്യം ഉയര്‍ത്തിയിട്ടുള്ള ഗൗരവതരമായ വെല്ലുവിളികളുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മാര്‍ച്ചിലെ താഴ്ചയ്ക്കു ശേഷം നിഫ്റ്റിയില്‍ ഉണ്ടായ 50 ശതമാനം കുതിപ്പ് നിക്ഷേപ പാതയില്‍ ഉറച്ചുനിന്ന നിക്ഷേപകര്‍ക്കു വന്‍ലാഭം നല്‍കി. പ്രതിസന്ധികാലത്ത് നിക്ഷേപിച്ചവര്‍ക്കു വലിയ ലാഭംലഭിച്ചു.
ഇപ്പോഴത്തെ ഏറ്റവും മികച്ച നിക്ഷേപ തന്ത്രം ഉന്നത നിലവാരമുള്ള ഓഹരികളില്‍ നിക്ഷേപം നിലനിര്‍ത്തുക, ഗുണമേന്മയില്ലാത്ത ഓഹരികള്‍ ഒഴിവാക്കുക, എസ്ഐപികളിലൂടെയുള്ള നിക്ഷേപം തുടരുക, ചെറുകിട, ഇടത്തരം ഓഹരികളില്‍ മ്യൂച്വല്‍ ഫണ്ടുകളിലൂടെ നിക്ഷേപിക്കുക എന്നതും പോര്‍ട്ട്ഫോളിയോകളില്‍ പണത്തിന്റെ അനുപാതം വര്‍ധിപ്പിക്കുക എന്നതുമാണ്.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍)