ഹരി വിപണി എക്കാലത്തെയും ഉയരംകുറിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ്‌ചെയ്ത ഓഹരികളുടെ മൂല്യം 2,70,24,154 കോടി രൂപയിലെത്തി. അഞ്ചാമത്തെ ദിവസവും വിപണി മികച്ചനേട്ടമുണ്ടാക്കി. സെൻസെക്‌സ് 376 പോയന്റ് ഉയർന്ന് 60,660ലെത്തി. അഞ്ചുദിവസംകൊണ്ട് 1,471 പോയന്റാണ് സെൻസെക്‌സ് കുതിച്ചത്. 

വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും ഓഹരികൾ വിറ്റൊഴിയുമ്പോഴാണ് വിപണിയിലെ ഈനേട്ടമെന്നതും ശ്രദ്ധേയമാണ്. റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ് വിപണിയിലെ നിലവിലെ കുതിപ്പിനുപിന്നിൽ. 

വിപണിയിൽ നേരിയ ഇടിവുണ്ടാകുമ്പോൾ വാങ്ങുകയും കുതിക്കുമ്പോൾ വിൽക്കുകയുംചെയ്യുന്നതിനാലാണ് കാര്യമായ തിരുത്തലുണ്ടാകാതെ വിപണിമുന്നോട്ടുപോകുന്നത്. നിലവിൽ ഈ പ്രവണതക്ക് ശക്തമായ അടിത്തറയുണ്ടെങ്കിലും ഇതെത്രകാലം തുടരുമെന്ന് പറയാനാകില്ലെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റായ വി.കെ വിജയകുമാർ പറയുന്നു.  

ഇൻഫോസിസ്, വിപ്രോ, മൈൻഡ് ട്രീ എന്നി ഐടി കമ്പനികളുടെ രണ്ടാംപാദഫലങ്ങൾ ഇന്ന് പുറത്തുവരും. ടിസിഎസിന്റെ പ്രവർത്തനഫലം വിപണിയെ സ്വാധീനിക്കാത്ത സാഹചര്യത്തിൽ ഐടി മേഖലക്ക് പ്രധാനപ്പെട്ട ദിനമാണിന്ന്.