
mathrubhumi creative
പ്രധാന സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും വെള്ളിയാഴ്ച നേരിട്ട തകര്‍ച്ചയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് അഞ്ച് ലക്ഷം കോടി രൂപ. ഒറ്റ രാത്രികൊണ്ട് യുഎസ് സൂചികകള്‍ തുറന്നുവിട്ട ഭൂതമാണ് രാജ്യത്തെ വിപണിയെ പിടികൂടിയത്. ഇതോടെ നിക്ഷേപകരുടെ ആസ്തി 259.64 ലക്ഷം കോടി രൂപയില്‍നിന്ന് 254.52 കോടിയായി ചുരുങ്ങി. നഷ്ടമാകട്ടെ 5.12 ലക്ഷം കോടി.
സെന്‍സെക്സ് സൂചികയിലെ 30 ഓഹരികളും നഷ്ടത്തിലായി. ഉപഭോക്തൃ ഉത്പന്നം, ഐടി, ബാങ്ക്, ഓട്ടോ സൂചികകളാണ് നഷ്ടത്തില്‍ മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും തകര്‍ച്ചയില്‍ കിതച്ചു.
വിദേശ നിക്ഷേപകര്‍ വിറ്റൊഴിയല്‍ തുടരുന്നത് റീട്ടെയില്‍ നിക്ഷേപകരുടെ ആവേശംകെടുത്തി. സ്റ്റോക്ക് എക്സ്ചേഞ്ചില്‍നിന്നുള്ള താല്‍ക്കാലിക വിവരം അനുസരിച്ച് 2070 കോടി രൂപയുടെ ഓഹരികളാണ് വ്യാഴാഴ്ചമാത്രം അവര്‍ കയ്യൊഴിഞ്ഞത്.
പ്രധാന കാരണങ്ങള്‍
ആഗോള വില്പന സമ്മര്‍ദം
പണപ്പെരുപ്പം തടയാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തുടര്‍ന്നേക്കാവുന്ന അടിയന്തര നടപടികളെക്കുറിച്ചുള്ള ഭയം നാസ്ദാക്കിനെ പിടികൂടി. യുഎസ് വിപണികള്‍ ഒറ്റരാത്രികൊണ്ട് തകര്‍ന്നടിഞ്ഞു. അതേതുടര്‍ന്നുണ്ടായ ആഗോള വില്പന സമ്മര്‍ദത്തില്‍ രാജ്യത്തെ സൂചികകളും ഭാഗഭാക്കായി. 2020നുശേഷമുള്ള ഒറ്റദിവസത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് നാസ്ദാക്ക് നേരിട്ടത്.

നിര്‍മാതാക്കളുടെയും ഉപഭോക്താക്കളുടെയും കടമെടുക്കല്‍ ചെലവ് ഒരുപോലെ ഉയര്‍ത്തുമെന്നതിനാല്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ആര്‍ബിഐയുടെ നീക്കം തകര്‍ത്തു. കരുതല്‍ ധന അനുപാത(സിആര്‍ആര്‍)ത്തിലെ അരശതമാനം വര്‍ധന ബാങ്കിങ് സംവിധാനത്തില്‍നിന്ന് 80,000 കോടി രൂപ അപ്രത്യക്ഷമാക്കും. വിപണിയില്‍ അതിന്റെ പ്രതിഫലനമുണ്ടാകും.
കടപ്പത്ര ആദായത്തിലെ കുതിപ്പ്
പണപ്പെരുപ്പം കുതിക്കുകയും ആഗോളതലത്തില്‍ വളര്‍ച്ചാ അനുമാനം താഴ്ത്തുകയും ചെയ്യുന്നതിനാല്‍ നിക്ഷേപകര്‍ ഓഹരിയില്‍നിന്ന് കളംമാറുകയാണ്. റിസ്കുള്ള ആസ്തികളില്‍നിന്ന് താരതമ്യേന സുരക്ഷിതമായ കടപ്പത്രങ്ങളിലേയ്ക്കാണ് കൂടുമാറ്റം. രാജ്യത്തെയും വിദേശത്തെയും കടപ്പത്ര ആദായങ്ങളിലെ വര്‍ധനവില്‍നിന്ന് ഇത് വ്യക്തമാണ്. യുഎസിലെ 10 വര്‍ഷത്തെ ട്രഷറി ആദായം മൂന്നുശതമാനത്തിലേറെ ഉയര്‍ന്നു. 2018നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

രാജ്യത്തെ സര്‍ക്കാര്‍ കടപ്പത്ര ആദായമാകട്ടെ 7.43 നിലവാരത്തിലെത്തിയിരിക്കുന്നു. ആദായത്തിലെ കുതിപ്പ് കേന്ദ്ര സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. കടമെടുക്കലിനുള്ള ഉയര്‍ന്ന ചെലവ് സബ്സിഡി ഭാരത്തോടൊപ്പം സര്‍ക്കാരിനുമേല്‍ പതിക്കുമെന്നതുകൊണ്ടുതന്നെ.
.png?$p=c446971&w=610&q=0.8)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..