റിയല്‍ എസ്റ്റേറ്റ്, ഓഹരി, ഓഹരി അധിഷ്ടിത പദ്ധതികള്‍ തുടങ്ങിയവയില്‍ ഒരു നിശ്ചിത കാലയളവ് നിക്ഷേപിച്ചശേഷം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ നികുതി. 

അതായത് 10 ലക്ഷം രൂപയ്ക്ക് വസ്തുവാങ്ങി മൂന്നുവര്‍ഷം കഴിഞ്ഞ് 20 ലക്ഷം രൂപയ്ക്ക് വിറ്റാല്‍ അതില്‍നിന്നുലഭിക്കുന്ന ലാഭമായ 10 ലക്ഷം രൂപയിന്മേല്‍ ഈടാക്കുന്ന നികുതിയാണിത്. നികുതി ബാധകമാകുന്നതിന് ഓരോ നിക്ഷേപ സാമഗ്രികള്‍ക്കും വ്യത്യസ്ത കാലയളവുകളാണുള്ളത്. ഓഹരി നിക്ഷേപത്തിന് ഇതുവരെ ബാധകമായിരുന്നില്ലെന്നുമാത്രം. ബജറ്റിലെ നികുതി നിര്‍ദേശംവഴി സര്‍ക്കാര്‍ എത്രതുക കൊണ്ടുപോകുമെന്ന് നോക്കാം.

ബാധകമാകുന്നത് ആര്‍ക്കൊക്കെ?
2018 മാര്‍ച്ച് 31നുശേഷം ഓഹരിയില്‍നിന്ന് ലാഭമെടുക്കുന്നവര്‍ക്കാണ് ഈ നികുതി ബാധകമാകുക. അതായത് മാര്‍ച്ച് 31വരെയുള്ള ഓഹരി ഇടപാടുകള്‍ക്ക് പുതിയ നിയമം ബാധകമാവില്ലെന്ന് ചുരുക്കം.

അതായത് ഒരുവര്‍ഷം കൈവശംവെച്ച ഓഹരി മാര്‍ച്ച് 31നുമുമ്പ് വിറ്റ് ലാഭമെടുത്താല്‍ പുതിയ നിയമം ബാധകമാകില്ല. ഒരു ലക്ഷമല്ല പത്ത് ലക്ഷം ലാഭമുണ്ടാക്കിയാലും നികുതി നല്‍കേണ്ടതില്ല. ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ വിറ്റ് ലാഭമെടുത്താല്‍ പുതിയ നികുതി ബാധകമാകും.

എന്തുകൊണ്ട്‌​ ഇപ്പോള്‍ പ്രാധാന്യം നേടി?
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 2018 ബജറ്റില്‍ ഓഹരി നിക്ഷേപങ്ങള്‍ക്കുള്ള ദീര്‍ഘകാല നികുതി പുനഃസ്ഥാപിച്ചിരിക്കുന്നു. അതായത് ഒരുവര്‍ഷം കൈവശം വെച്ചശേഷം ഓഹരി വിറ്റാല്‍ അതില്‍നിന്ന് ലഭിക്കുന്ന ലാഭത്തിന് ഇനിമുതല്‍ 10 ശതമാനം നികുതി നല്‍കണം. ഒരു ലക്ഷംരൂപവരെയുള്ള നേട്ടത്തിന് നികുതിയില്ല. അതിനുമുകളിലുള്ള നേട്ടത്തിനാണ് നികുതി ബാധകമാകുക. 2004-05 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പി ചിദംബരമാണ് ഈ നികുതി വേണ്ടെന്നുവെച്ചത്. നീണ്ടകാലത്തിനുശേഷമാണ് നികുതി പുനഃസ്ഥാപിക്കുന്നത്. 

ഗ്രാന്‍ഡ്ഫാദറിങ്-പ്രയോഗത്തിന്റെ പ്രസക്തി?
നികുതി പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് നികുതി ഒഴിവ് നല്‍കുന്നതിന് നിലവിലെ നിക്ഷേപകര്‍ക്ക് നിശ്ചിത കാലയളവ് അനുവദിക്കുന്നതിനെയാണ് ഇവിടെ ഗ്രാന്‍ഡ്ഫാദറിങ് -എന്ന പ്രയോഗംകൊണ്ട് ഉദ്ദേശിച്ചത്. ഇതുപ്രകാരം ഇവിടെ ജനുവരി 31വരെയുള്ള നേട്ടത്തിന് ഈ നികുതി ബാധകമാകില്ല. 

എങ്ങനെയാണ് നികുതി കണക്കാക്കുക?
ഓഹരിയോ ഓഹരി അധിഷ്ടിത മ്യൂച്വല്‍ ഫണ്ടോ ഒരുവര്‍ഷം കൈവശംവെച്ചശേഷം ഏപ്രില്‍ ഒന്നിനുശേഷം വില്‍ക്കുകയാണെങ്കില്‍ ജനുവരി 31ലെ ക്ലോസിങ് വില അടിസ്ഥാനമാക്കിയാകും നികുതി നിശ്ചയിക്കുക. 

ഉദാഹരണം നോക്കാം: 2017 ജനുവരി 15ന് 1000 രൂപയക്ക് ഓഹരി വാങ്ങിയിരുന്നുവെന്ന് കരുതുക. 2018 ജനുവരി 31ലെ ക്ലോസിങ് വില 2000 രൂപയുമാണെന്നിരിക്കട്ടെ, മാര്‍ച്ച് 31നുശേഷമാണ് ഈ ഓഹരി വില്‍ക്കുന്നുവെന്ന് കരുതുക. അങ്ങനെവരുമ്പോള്‍ ജനുവരി 31ലെ ക്ലോസിങ് വിലയാണോ വാങ്ങിയ വിലയാണോ കൂടിയത് ഇത് കണക്കാക്കിയാകും നികുതി നിശ്ചയിക്കുക.

വ്യത്യസ്ത വിലനിലാവരത്തില്‍ ഓഹരി വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍വരുന്ന നികുതി ബാധ്യത നോക്കാം(ഉദാഹരം 1 മുതല്‍ 6വരെ പരിശോധിക്കുക)

2017 ജനുവരി 15ന് വാങ്ങിയ ഓഹരി വില: 1000
ജനുവരി 31ലെ ക്ലോസിങ് നിരക്ക്: 2000
2018 ഏപ്രില്‍ ഒന്നിലെ വില: 2500 രൂപ
നികുതി ബാധകമായ നേട്ടം​: 500 രൂപ

1

2017 ജനുവരി 15ന് വാങ്ങിയ ഓഹരി വില: 1000
ജനുവരി 31ലെ ക്ലോസിങ് നിരക്ക്: 500
2018 ഏപ്രില്‍ ഒന്നിലെ വില: 1500 രൂപ

നികുതി ബാധകമായ നേട്ടം​: 500 രൂപ

2

2017 ജനുവരി 15ന് വാങ്ങിയ ഓഹരി വില: 2000
ജനുവരി 31ലെ ക്ലോസിങ് നിരക്ക്: 1000
2018 ഏപ്രില്‍ ഒന്നിലെ വില:2000 രൂപ

നികുതി ബാധകമായ നേട്ടം​: ഇല്ല

3

2017 ജനുവരി 15ന് വാങ്ങിയ ഓഹരി വില: 1000
ജനുവരി 31ലെ ക്ലോസിങ് നിരക്ക്: 2000
2018 ഏപ്രില്‍ ഒന്നിലെ വില:1500 രൂപ

നികുതി ബാധകമായ നേട്ടം​: ഇല്ല(നഷ്ടം 500 രൂപ)

4

2017 ജനുവരി 15ന് വാങ്ങിയ ഓഹരി വില: 2000
ജനുവരി 31ലെ ക്ലോസിങ് നിരക്ക്: 1000
2018 ഏപ്രില്‍ ഒന്നിലെ വില:500 രൂപ

നികുതി ബാധകമായ നേട്ടം​: ഇല്ല(നഷ്ടം 1500 രൂപ)

5

2017 ജനുവരി 15ന് വാങ്ങിയ ഓഹരി വില: 2000
ജനുവരി 31ലെ ക്ലോസിങ് നിരക്ക്: 2000
2018 ഏപ്രില്‍ ഒന്നിലെ വില:1500 രൂപ
നികുതി ബാധകമായ നേട്ടം​: ഇല്ല

6                                                                                                                                                         

feedbacks to:
antony@mpp.co.in