Photo: Gettyimages
നിക്ഷേപകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ പ്രാരംഭ ഓഹരി വില്പന നടപ്പ് സാമ്പത്തികവര്‍ഷം ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. റഷ്യ-യുക്രൈന് സംഘര്‍ഷം തുടരുന്നതിനാല്‍ വിപണിയിലെ കനത്ത ചാഞ്ചാട്ടം കണക്കിലെടുത്ത് ഐപിഒ അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്ക് നീട്ടിവെയ്ക്കാനാണ് സാധ്യത.
റഷ്യ യുക്രൈനില്‍ സൈനിക നീക്കം ആരംഭിച്ച ഫെബ്രുവരി 24നുശേഷം സെന്‍സെക്സിലുണ്ടായ ഇടിവ് 2,400ലേറെ(4.20ശതമാനം)പോയന്റാണ്. നിഫ്റ്റിയാകട്ടെ 684 പോയന്റും(നാല് ശതമാനം)തിരുത്തല്‍ നേരിട്ടു.
ലോകത്തെതന്നെ പ്രധാന എണ്ണ ഉത്പാദക രാജ്യമായ റഷ്യയിലെ സാമ്പത്തിക ഉപരോധംമൂലം ബ്രന്റ് ക്രൂഡ് വിലയിലുണ്ടായ വര്‍ധന ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിനെ ബാധിച്ചു. ലോകമെമ്പാടുമുള്ള ഓഹരി വിപണികളില്‍ കനത്ത നഷ്ടംവിതയ്ക്കുകയുംചെയ്തു. റഷ്യയുടെ ആക്രമണത്തിന് ഒരു ഒരുദിവസം മുമ്പ്, ഫെബ്രുവരി 23ന് ബാരലിന് 96 ഡോളര്‍ നിലവാരത്തിലായിരുന്ന ബ്രന്റ് ക്രൂഡ് വില 120 ഡോളറിലേയ്ക്കാണ് കുതിച്ചത്.
ഏപ്രിലില്‍ ഉണ്ടാകുമോ?
ഓഹരി വില്പന നീട്ടിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും വിപണിയിലെ ചാഞ്ചാട്ടത്തിന് അറുതിവന്നാല്‍ എല്‍ഐസിയുടെ ഐപിഒ ഏപ്രില്‍ മാസത്തിലുണ്ടായേക്കും. റഷ്യ-യുക്രൈന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഒ തിയതി പുനപരിശോധിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് നേരത്തെ സൂചിപ്പിച്ചിരുന്നു.
സര്‍ക്കാരിന് തിരിച്ചടിയാകും
ഭാരത് പെട്രോളിയം കോര്പറേഷന് ഉള്‍പ്പടെയുള്ള പൊതുമേഖല കമ്പനികളുടെ സ്വകാര്യവത്കരണത്തിലുണ്ടായ കാലതമാസംമൂലം ആസ്തിവില്പന ലക്ഷ്യം വന്‍തോതില്‍ കുറച്ച രാജ്യത്തിന് എല്‍ഐസിയുടെ ഐപിഒ മാറ്റിവെയ്ക്കല്‍ കനത്ത തിരിച്ചടിയാകും.
Also Read
മൊത്തം ആഭ്യന്തര ഉത്പാദനം 6.9ശതമാനമായി ചുരുങ്ങുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. എല്‍ഐസി ഐപിഒയിലൂടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. ഏപ്രിലില്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ റെക്കോഡ് കടമെടുപ്പാണ് സര്‍ക്കാര്‍ ലകഷ്യമിടുന്നത്.
Content Highlights: LIC's mega IPO delayed to FY23?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..