കിറ്റക്‌സിന്റെ വിപുലീകരണ പദ്ധതിക്ക് തെലങ്കാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ ഓഹരി വില 10ശതമാനം കുതിച്ച് 164.10 രൂപയിലെത്തി. 

സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കമ്പനി ഇക്കാര്യം അറിയിച്ചതോടയെയായിരുന്നു ഓഹരി വില 'അപ്പർ സർക്യൂട്ട്' ഭേദിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങും.

മികച്ച വളർച്ചാ സാധ്യത, സർക്കാർ സബ്‌സിഡി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ, അസംസ്‌കൃത വസ്തുക്കളുടെ എളുപ്പത്തിലുള്ള ലഭ്യത, കുറഞ്ഞ തൊഴിൽ ചെലവ് എന്നിവവഴി ദീർഘകാലയളവിൽ മികച്ച ലാഭംനേടാനാകുമന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 

രണ്ടുവർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് തെലങ്കാനയിൽ കമ്പനി നടത്തുക. ഇതിലൂടെ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും നേരത്തെ തെലങ്കാന സർക്കാരിനെ കിറ്റക്‌സ് അറിയിച്ചിരുന്നു. 

വ്യാപാരം ആരംഭിച്ചയുടനെ 9.30ന് ബിഎസ്ഇയിലും എൻഎസ്ഇയിലുമായി കമ്പനിയുടെ 2,10,000 ഓഹരികളുടെ ഇടപാടാണ് നടന്നത്.