പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെയും കുടുംബത്തിന്റെയും ആസ്തി 10,000 കോടി കടന്നു. 

നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ തുടക്കമായ ഏപ്രില്‍ മുതല്‍ ഇതുവരെ 2,618 കോടി രൂപയുടെ നേട്ടമാണ് ഓഹരി നിക്ഷേപത്തില്‍നിന്ന് അദ്ദേഹത്തിന് ലഭിച്ചത്.

ചൊവാഴ്ചയിലെ ക്ലോസിങ് പ്രകാരം ജുന്‍ജുന്‍വാലയുടെ ലിസ്റ്റ് ചെയ്ത ഓഹരികളിലുള്ള നിക്ഷേപമൂല്യം 10,965 കോടി രൂപയായാണ് ഉയര്‍ന്നത്. മാര്‍ച്ച് അവസാനത്തെ 8,284 കോടി രൂപയില്‍നിന്ന് 32.4ശതമാനമാണ് വര്‍ധന.

2020 ഏപ്രില്‍-ജൂണ് പാദത്തില്‍ റാലീസ് ഇന്ത്യ, ജൂബിലന്റ് ലൈഫ് സയന്‍സസ്, ഫെഡറല്‍ ബാങ്ക്, ഈഡെല്‍വെയ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എന്‍സിസി, ഫസ്റ്റ്‌സോഴ്‌സ് സൊലൂഷന്‍സ് തുടങ്ങിയ ഓഹരികളില്‍ അദ്ദഹം നിക്ഷേപം ഉയര്‍ത്തി. ലുപിന്‍, അഗ്രോ ടെക് ഫുഡ്‌സ് എന്നിവയിലെ നിക്ഷേപംകുറച്ചതായും സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍നിന്നുള്ള വിവരങ്ങള്‍ സാക്ഷ്യപ്പെുടത്തുന്നു. 

ഇന്ത്യന്‍ ഹോട്ടല്‍സ്, ഡിഷ്മാന്‍ കാര്‍ബോജന്‍ എന്നീ കമ്പനികളുടെ ഓഹരി വിഹിതം 1.05ശതമാനത്തിലേറൊയി അദ്ദേഹം ഉയര്‍ത്തി. ടൈറ്റാന്‍ കമ്പനി, എസ്‌കോര്‍ട്‌സ് എന്നിവയിലെ ഓഹരി വിഹിതത്തില്‍ മാറ്റംവരുത്തിയതുമില്ല.

റാലിസ് ഇന്ത്യ, എസ്‌കോര്‍ട്‌സ്, ജൂബിലന്റ് ലൈഫ് സയന്‍സ്, ക്രിസില്‍ തുടങ്ങിയ ഓഹരികളാണ് ജൂണിലവസാനിച്ച പാദത്തില്‍ 1,234 കോടിയുടെ ആസ്തിവര്‍ധനയ്ക്ക് ജുന്‍ജുന്‍വാലയെ സഹായിച്ചത്. 1234 കോടി രൂപയാണ് ഈ ഓഹരകളിലെ മൂല്യവര്‍ധന.