കുറച്ചുദിവസങ്ങളായി ഓഹരി വിപണിയിലുണ്ടായ കനത്ത നഷ്ടത്തില്‍ പ്രധാന നിക്ഷേപകരൊന്നും വ്യാകുലപ്പെട്ടില്ല. നഷ്ടമുണ്ടായാല്‍ ആകുലപ്പെടാതെ അവസരം അനുകൂലമാക്കുകയാണ് ഈ നിക്ഷേപകര്‍. ഒരാഴ്ച മുമ്പാണ് മികച്ച ഉയരമായ 36,443ല്‍ സെന്‍സെക്‌സെത്തിയത്. 3000 പോയന്റാണ് ഇതിനകം നഷ്ടമായത്!

2018ല്‍ ലഭിച്ച നേട്ടമെല്ലാം ഒരുനിമിഷംകൊണ്ട് ഒലിച്ചുപോയപ്പോള്‍ രാകേഷ് ജുന്‍ജുന്‍വാലയും ആഷിഷ് കൊച്ചോലിയയും ഡോളി ഖന്നയുമൊന്നും കുലുങ്ങിയില്ല. 

ഈ നിക്ഷേപകര്‍ പോര്‍ട്ട്‌ഫോളിയോയിലേയ്ക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് ഒരാഴ്ചകൊണ്ടുണ്ടായ 32 ശതമാനം നഷ്ടത്തിന്റെ കണക്കുകളാണ്. ഓഹരി വിപണി നഷ്ടസാധ്യതകള്‍ക്ക് വിധേയമാണെന്നതത്വം അവര്‍ കൈവിട്ടില്ല. പെട്ടെന്നുള്ള ഓളത്തില്‍ ഓഹരികള്‍ വിറ്റൊഴിയാതെ അവര്‍ മുറുകെപിടിച്ചു. 

ജുന്‍ജുന്‍വാലയുടെ ഓഹരി പോര്‍ട്ട്‌ഫോളിയോയിലുണ്ടായ നഷ്ടം 32 ശതമാനമാണ്. ആപ്‌ടെക് 43 ശതമാനവും പ്രോസോണ്‍ 27ഉം, ജിയോജിത് 27.12ഉം, എംസിഎക്‌സും അനന്ത് രാജും 26ശതമാനംവീതവും നഷ്ടമാണ് ജുന്‍ജുന്‍വാലയ്ക്ക് നല്‍കിയത്. 

വാലയുടെ പോര്‍ട്ട്‌ഫോളിയോയിലുള്ള ഓട്ടോ ലൈന്‍ ഇന്‍ഡസ്ട്രീസ്, ഫെഡറല്‍ ബാങ്ക്, ഓറിയന്റ് സിമെന്റ് തുടങ്ങിയ ഓഹരികള്‍ ഈകാലയളവില്‍ 24 ശതമാനവും നഷ്ടമുണ്ടാക്കി. മൊത്തം ഒരു ശതമാനത്തിലേറെ ഓഹരികള്‍ കൈവശമുള്ള 30 കമ്പനികളിലെ നിക്ഷേപത്തിന്റെ കണക്കെടുക്കുമ്പോള്‍ ജുന്‍ജുന്‍വാലയ്ക്ക് 2018ല്‍ ശരാശരി നഷ്ടമായത് 32ശതമാനമാണ്.   

വിപണിയില്‍ കനത്ത വില്പന നടക്കുന്ന സമയത്ത് വാല്യു ഇന്‍വെസ്റ്ററായ ആഷിഷ് കൊച്ചോലിയ ഷെയ്‌ലി എന്‍ജിനിയറിങ് പ്ലാസ്റ്റിക്‌സിന്റെ 2,95,000 ഓഹരികള്‍ കൈവശമാക്കുകയാണ് ചെയ്തത്. കൊച്ചാലിയയുടെ പ്രധാന ഓഹരികളില്‍ എസ്പി അപ്പാരല്‍സ് 20 ശതമാനവും ടൈം ടെക്‌നോളജീസ് 21 ശതമാനവും ലോകേഷ് മെഷീന്‍സ് 17 ശതമാനവും ജീനസ് പവര്‍ 15 ശതമാനവും പരാഗ് മില്‍ക്ക് ഫുഡ്‌സ് 14 ശതമാനവും ജിഎച്ച്‌സിഎല്‍ 16ശതമാനവും അഷൈന 11 ശതമാനവും നഷ്ടമുണ്ടാക്കി. 

ഡോളി ഖന്നയുടെ ഓഹരി പോര്‍ട്ട്‌ഫോളിയൊ പരിശോധിക്കാം. സ്‌റ്റെര്‍ലിങ് ടൂള്‍സ് 19 ശതമാനവും ദ്വാരികേഷ് ഷുഗര്‍ 20 ശതമാനവും നന്ദന്‍ ഡെനിം 21 ശതമാനവും എംകെ ഗ്ലോബല്‍ ഫിനാന്‍സ് സര്‍വീസസ് 20 ശതമാനവും രുചിര പേപ്പര്‍ 19 ശതമാനവും മണപ്പുറം ഫിനാന്‍സ് 21 ശതമാനവും ജിഎന്‍എഫ്‌സി 19 ശതമാനവും റെയിന്‍ ഇന്‍ഡസ്ട്രീസ് 18 ശതമാനവും ഐഎഫ്ബി അഗ്രോ 25 ശതമാനവും ഈ കാലയളവില്‍ നഷ്ടമുണ്ടാക്കി. 

ഓര്‍മിക്കാം: ഈ സമയം നഷ്ടപ്പെട്ട നേട്ടത്തെയോര്‍ത്ത് പരിതപിക്കാനുള്ളതല്ല; മികച്ച ഓഹരികള്‍ കുറഞ്ഞ നിലവാരത്തില്‍ വാങ്ങാനുള്ളതാണ്.