ഗോള ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ ഓഹരിവില കഴിഞ്ഞദിവസം റെക്കോഡ് നിലയിലേക്ക് ഉയർന്നിരുന്നു. കമ്പനിയുടെ സ്ഥാപകനായ ജെഫ് ബെസോസ് ഉയർന്ന വിലയിൽ 1.3 ശതമാനം ഓഹരികൾ വിറ്റഴിച്ചു. ഇതുവഴി അദ്ദേഹം നേടിയത് 110 കോടി ഡോളറാണ്. അതായത്, ഏതാണ്ട് 7,150 കോടി രൂപ. 

‘ബഹിരാകാശത്തേക്ക് വിനോദയാത്ര’ എന്ന ലക്ഷ്യവുമായി ബെസോസ് തുടങ്ങിയ ‘ബ്ലൂ ഒറിജിൻ' എന്ന റോക്കറ്റ് കമ്പനിക്ക്‌ പണം കണ്ടെത്താനാണ് ആമസോണിലെ ഓഹരികൾ പടിപടിയായി വിൽക്കുന്നത്. ഓരോ വർഷവും 100 കോടി ഡോളർ ഇത്തരത്തിൽ സമാഹരിക്കാനാണ് പദ്ധതി. ഇക്കഴിഞ്ഞ മേയ് മാസവും അദ്ദേഹം കുറച്ച് ഓഹരികൾ വിറ്റിരുന്നു. 

ആമസോണിന്റെ ഓഹരി വില റെക്കോഡ് നിലയിലേക്ക് ഉയർന്നതോടെ ലോകത്തിലെ ഏറ്റവും സമ്പന്നൻ എന്ന പട്ടം 53-കാരനായ ബെസോസ് നേടിയിരുന്നു.