ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനികൾ പലതും സ്റ്റാർട്ട്അപ്പുകളായി വളർന്ന ടെക്നോളജി സംരംഭങ്ങളാണ്. ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ (ആൽഫബെറ്റ്), ടെൻസെന്റ്, ആലിബാബ എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. ഈ കമ്പനികൾ ചുരുങ്ങിയ നാളുകൾകൊണ്ട് നിക്ഷേപകർക്ക് പല മടങ്ങ് നേട്ടമാണ് നേടിക്കൊടുത്തത്. യു.എസിലും ചൈനയിലും മറ്റും കണ്ട ഈ സ്റ്റാർട്ട്അപ്പ് വസന്തം ഇതാ ഇന്ത്യയിലും വരുന്നു.

ഓൺലൈൻ ഭക്ഷ്യവിതരണ സംരംഭമായ സൊമാറ്റോ, ഓൺലൈൻ ഫാഷൻ വസ്ത്ര റീട്ടെയ്‌ലറായ നൈക, ഫിനാൻഷ്യൽ ടെക്നോളജി രംഗത്തെ വൻ ശക്തിയായി മാറുന്ന പേടിഎം, ഓൺലൈൻ ഇൻഷുറൻസ് വില്പനക്കാരായ പോളിസി ബസാർ, ഓൺലൈൻ മരുന്നു വിതരണക്കാരായ ഫാർമ്‌ ഈസി എന്നിവയാണ് ഇന്ത്യയിൽനിന്ന് പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യ്ക്ക് ഒരുങ്ങുന്ന സ്റ്റാർട്ട്അപ്പുകൾ. ഇ-കൊമേഴ്സ് കമ്പനികൾക്ക് ലോജിസ്റ്റിക്സ്, ഡെലിവറി സേവനമൊരുക്കുന്ന ഡൽഹിവറി, കണ്ണടകളുടെ ഓൺലൈൻ റീട്ടെയ്‌ലറായ ലെൻസ്‌കാർട്ട്, ഓൺലൈനിലൂടെ പലവ്യഞ്ജനങ്ങൾ വിതരണം ചെയ്യുന്ന ഗ്രോഫേഴ്സ് എന്നിവയും ഐ.പി.ഒ.യ്ക്ക് തയ്യാറെടുക്കുന്നതായിറിപ്പോർട്ടുകളുണ്ട്.

വിമാന ടിക്കറ്റ്, ഹോട്ടൽ റൂം എന്നിങ്ങനെ യാത്രാ സംബന്ധമായ സേവനങ്ങളൊരുക്കുന്ന ഓൺലൈൻ കമ്പനിയായ ഈസ് മൈട്രിപ്പ്, ഗെയിമിങ് സ്റ്റാർട്ട്അപ്പായ നസാര ടെക് എന്നിവ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഐ.പി.ഒ. പൂർത്തിയാക്കി ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ച സംരംഭങ്ങളാണ്.

സൊമാറ്റോ ഇതിനോടകം, ഐ.പി. ഒ.യ്ക്കായുള്ള കരടുരേഖ 2021 ഏപ്രിലിൽ തന്നെ ഓഹരി വിപണി നിയന്ത്രണ ബോർഡായ ‘സെബി’ക്ക് സമർപ്പിച്ചിട്ടുണ്ട്. 8,250 കോടി രൂപ സ്വരൂപിക്കാനാണ് പദ്ധതി. ദീപീന്ദർ ഗോയൽ, പങ്കജ് ചദ്ദ എന്നീ ചെറുപ്പക്കാർ ചേർന്ന് 2008-ൽ ആരംഭിച്ച സൊമാറ്റോ, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഡെലിവറി സംരംഭമാണ്. 2,486 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ വരുമാനം. 2020 ജനുവരിയിൽ ഊബർ ഈറ്റ്സിന്റെ ഇന്ത്യൻ ബിസിനസ് ഏറ്റെടുത്തതിനു പകരമായി ഊബറിന് ഓഹരി പങ്കാളിത്തം നൽകി. പ്രമുഖ ഇന്റർനെറ്റ് കമ്പനിയായ ഇൻഫോ എഡ്ജാണ് സൊമാറ്റോയിലെ ഏറ്റവും വലിയ ഓഹരിയുടമകൾ. മൊത്തം സമാഹരണ ലക്ഷ്യമായ 8,250 കോടി രൂപയിൽ 750 കോടി രൂപ തങ്ങളുടെ ഓഹരി വിറ്റ് ഇൻഫോ എഡ്ജ് എടുക്കും. 7,500 കോടി രൂപയാണ് പുതിയ മൂലധനമായി സൊമാറ്റോയിലെത്തുക.

കൊട്ടക് മഹീന്ദ്ര കാപ്പിറ്റലിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഫാൽഗുനി നയ്യാർ തുടങ്ങിയ സംരംഭമാണ് നൈക. ഐ.പി.ഒ. മാനേജ് ചെയ്യാൻ മർച്ചന്റ് ബാങ്കർമാരെ കമ്പനി നിയോഗിച്ചു. ഏതാണ്ട് 33,000 കോടി രൂപ മൂല്യത്തിൽ ഈ വർഷം അവസാനമോ അടുത്ത വർഷമോ ഐ.പി. ഒ. നടത്താനാണ് പദ്ധതി. ഏതാണ്ട് 4,000-5,000 കോടി രൂപയാണ് സമാഹരിക്കുക. ഐ.പി.ഒ.യിലൂടെ സമാഹരിക്കുന്ന തുകയിൽ ഒരു പങ്ക് നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരി പങ്കാളിത്തം വിറ്റു നേടുമെന്നാണ് സൂചന.

പേടിഎം ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നാണ് ലക്ഷ്യമിടുന്നത്. ഏതാണ്ട് 22,000 കോടി രൂപ സമാഹരിക്കുമെന്നാണ് കരുതുന്നത്. 1.85 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൂല്യം കണക്കാക്കുന്നത്. അതിനിടെ, യു.എസ്. റീട്ടെയ്ൽ ഭീമന്മാരായ വാൾമാർട്ട് സ്വന്തമാക്കിയ ഇന്ത്യൻ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ട് അടുത്ത വർഷം അമേരിക്കൻ വിപണിയിൽ ഐ.പി.ഒ. യ്ക്ക് ഒരുങ്ങുകയാണ്. ഓഹരി വിപണിയിലെ സാഹചര്യങ്ങൾ അനുകൂലമായി നിലനിന്നാൽ, ഈ സാമ്പത്തിക വർഷം രണ്ടിലേറെ സ്റ്റാർട്ട്അപ്പ് ഐ.പി.ഒ.കൾ ഉണ്ടായേക്കും.

നേട്ടവും കോട്ടവും

സ്റ്റാർട്ട്അപ്പുകളിൽ പലതും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. പേടിഎമ്മിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ നഷ്ടം 1,701 കോടി രൂപയാണ്. അതായത്, പ്രതിദിനം 4.66 കോടി രൂപയുടെ നഷ്ടം. അതേസമയം, വാർഷിക നഷ്ടം തൊട്ടു മുൻ വർഷത്തെ 2,942 കോടിയിൽനിന്ന് കുറച്ചുകൊണ്ടുവരാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. സൊമാറ്റോ ഒരു ഓർഡറിന്റെമേൽ ശരാശരി 31 രൂപയുടെ നഷ്ടമുണ്ടാക്കുന്നുണ്ടായിരുന്നു. എന്നാൽ, കോവിഡിനെ പിടിച്ചുകെട്ടാനുള്ള ലോക്ഡൗണിൽ ഹോട്ടൽ ഭക്ഷണത്തിന് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളെ ജനം കൂടുതലായി ആശ്രയിച്ചതോടെ, നഷ്ടം കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു. കോവിഡ് മഹാമാരിയെത്തുടർന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വില്പന ഉയർന്നത് ഈ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നു.

സ്റ്റാർട്ട്അപ്പുകളിൽ വൻ തുക നിക്ഷേപിച്ച്, ചുരുങ്ങിയ കാലംകൊണ്ട് പല മടങ്ങ് നേട്ടമുണ്ടാക്കുന്നത് ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളും വെഞ്ച്വർ കാപ്പിറ്റൽ നിക്ഷേപകരുമാണ്. സ്റ്റാർട്ട്അപ്പുകളുടെ വാല്യുവേഷൻ ഉയരുന്നതിനനുസരിച്ചാണ് മികച്ച നേട്ടം അവർ സ്വന്തമാക്കുന്നത്. ഈ നേട്ടം ചെറുകിട നിക്ഷേപകർക്ക് കൂടി ലഭ്യമാക്കാൻ സഹായിക്കുന്നതാണ് ടെക്നോളജി സംരംഭങ്ങളുടെയും സ്റ്റാർട്ട്അപ്പുകളുടെയും ഐ.പി.ഒ. ഉയർന്ന നേട്ടത്തിന് അവസരമുള്ളതു പോലെ നഷ്ട സാധ്യതയും കൂടുമെന്നു മാത്രം.

roshan@mpp.co.in