ഓഹരി വിപണിയില്‍ ചാഞ്ചാട്ടം പ്രകടമാകുമ്പോഴും പ്രാഥമിക വിപണിയില്‍ പണമിറക്കി നിക്ഷേപകര്‍ നേട്ടംകൊയ്യുന്നു.
2019ല്‍ പ്രാഥമിക ഓഹരി വില്പന(ഐപിഒ)യിലൂടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത 14ലേറെ കമ്പനികളില്‍ ഒമ്പതും മികച്ച നേട്ടം നിക്ഷേപകന് നല്‍കി.
ഏറ്റവും ഒടുവില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത സിഎസ്ബി ബാങ്കിന്റെ ഓഹരി ആദ്യദിവസംതന്നെ നിക്ഷേപകന് നേടിക്കൊടുത്തത് 50 ശതമാനത്തിലേറെ നേട്ടമാണ്. ലിസ്റ്റ് ചെയ്ത ഉടനെ റെക്കോഡ് നേട്ടം സ്വന്തമാക്കിയത് ഐആര്‍സിടിസി ഓഹരിയാണ്. 110 ശമതാനമാണ് ഓഹരിവില ഉയര്‍ന്നത്.
യുഎസ് ചൈന വ്യാപാര തര്‍ക്കം, രാജ്യത്തെ സാമ്പത്തിക തളര്‍ച്ച, വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത്-തുടങ്ങിയവ ഉള്‍പ്പടെയുള്ള നിഷേധ സാഹചര്യങ്ങള്‍ വിപണി നേരിടുമ്പോഴാണിതെന്ന് ഓര്‍ക്കണം.
ലിസ്റ്റ് ചെയ്ത കമ്പനികളില്‍ ഒമ്പതെണ്ണവും ഏഴ് ശതമാനം മുതല്‍ 110 ശതമാനംവരെ നേട്ടം നിക്ഷേപകന് നല്‍കി. അതേസമയം, മൂന്നു സ്ഥാപനങ്ങള്‍ ഇഷ്യുവിലയിലും കുറഞ്ഞ നിരക്കിലാണ് ലിസ്റ്റ് ചെയ്തത്.
ഇന്ത്യ മാര്‍ട്ട്, ഇന്റര്‍മെഷ് എന്നീ ഓഹരികള്‍ ജൂലായില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ മികച്ച നേട്ടമാണ് നിക്ഷേപകന് നേടിക്കൊടുത്തത്. ഐപിഒ വിലയേക്കാള്‍ 95 ശതമാനമാണ് ബിഎസ്ഇയില്‍ ഇവയുടെ വില ഉയര്‍ന്നത്. ഇതിനുപിന്നാലെ വന്ന നിയോജെന്‍ കെമിക്കല്‍സ് 76 ശതമാനവും നേട്ടം നിക്ഷേപകന് നല്‍കി.
അഫ്‌ലെ ഇന്ത്യ ലിമിറ്റഡ്, മെട്രോപോലിസ് ഹെല്‍ത്ത്‌കെയര്‍ എന്നിവ യഥാക്രമം 49ഉം 40ഉം ശതമാനം നേട്ടംനല്‍കി. പോളികാബ് ഇന്ത്യ, റെയില്‍ വികാസ് നിഗം, ചാലെറ്റ് ഹോട്ടല്‍സ്, സ്പന്ദന ഫിനാന്‍ഷ്യല്‍ എന്നിവ യഥാക്രമം 24ഉം 21ഉം 12ഉം 7ഉം ശമതാനം നേട്ടം ലിസ്റ്റ് ചെയ്തപ്പോള്‍ നേടി.
ഈ കമ്പനികള്‍ക്ക് അപവാദമായി, എസ്ടിസി, സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സന്‍ സോളാര്‍, ക്‌സെല്‍പ്‌മോക് ഡിസൈന്‍ ആന്‍ഡ് ടെക് എന്നീ കമ്പനികളാണ് നേട്ടം നല്‍കുന്നതില്‍ പരാജയപ്പെട്ടത്.
മാര്‍ച്ചിലെത്തിയ എംഎസ്ടിസി 24 ശതമാനവും ഓഗസ്റ്റില്‍ വിപണിയിലെത്തിയ സെറ്റര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാര്‍ 23 ശതമാനവും നഷ്ടത്തിലാണ് ലിസ്റ്റ് ചെയ്തത്.
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി ഉടനെ വിപണിയില്‍ ലിസ്റ്റ് ചെയ്യും. അതോടൊപ്പം എസ്ബിഐ കാര്‍ഡ് ഉള്‍പ്പടെയുള്ള കമ്പനികള്‍ ഐപിഒയുമായി ഉടനെ രംഗത്തുവരും.
24ലേറെ കമ്പനികള്‍ സെബിയുടെ അനുമതിയ്ക്കായി കാത്തിരിക്കുന്നുണ്ട്. ബജാജ് എനര്‍ജി, ശ്രീരാം പ്രോപ്പര്‍ട്ടീസ്, ഇമാമി സിമെന്റ്, പെന്ന സിമെന്റ്, ഇന്ത്യന്‍ റിന്യൂവബ്ള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി, ശ്യാം മറ്റാലിക്‌സ് ആന്‍ഡ് എനര്‍ജി തുടങ്ങിയവ യാണവ.
വിപണിയിലെത്തുന്നവയിലേറെയും ഇടത്തരം കമ്പനികളാണ്. മിഡ്ക്യാപില്‍ പണംമുടക്കാനുള്ള നിക്ഷേപകരുടെ ആവേശമാണ് പ്രാഥമിക വിപണിയില്‍ പ്രതിഫലിക്കുന്നത്. സെന്‍സെക്‌സ് റെക്കോഡ് നേട്ടംകൈവരിച്ചപ്പോഴും മിഡ്ക്യാപ് സൂചിക ആവശേകരമായ നേട്ടം നേടിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഭാവിയിലെ നേട്ടസാധ്യതയാണ് നിക്ഷേപകര്‍ മുന്നില്‍കാണുന്നത്.
antony@mpp.co.in