പിഒ വിപണിയില്‍ 2021 ആവര്‍ത്തിക്കാന്‍ സാധ്യത. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ കമ്പനികള്‍ പ്രാരംഭ ഓഹരി വില്പനയുമായി രംഗത്തുവരുമെന്നാണ് വിലയിരുത്തല്‍. 

വിപണിയില്‍ നിക്ഷേപകാഭിമുഖ്യം നിലനില്‍ക്കുന്നതിനാല്‍ അത് നേട്ടമാക്കാനാണ് കമ്പനികളുടെ ശ്രമം. ഇതിനകം 38 കമ്പനികള്‍ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അനുമതി ലഭിച്ചുകഴിഞ്ഞു. 36 കമ്പനികള്‍ അനുമതിക്കായി കാത്തിരിക്കുകയാണ്. പ്രാഥമിക വിപണിയിലെ മുന്നേറ്റം തുടരുകയാണെങ്കില്‍ ഐപിഒകളുടെ റെക്കോഡ് തകര്‍ക്കുന്ന വര്‍ഷമാകും 2022. 

എംക്യുര്‍ ഫാര്‍മസിക്യൂട്ടിക്കല്‍സ്, ഇഎസ്ഡിഎസ് സോഫ്റ്റ് വെയര്‍ സൊലൂഷന്‍സ്, എജിഎസ് ട്രാന്‍സാക്ട് ടെക്‌നോളജീസ്, ട്രാക്‌സണ്‍ ടെക്‌നോളജീസ്, അദാനി വില്‍മര്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഗോ എയര്‍ലൈന്‍സ്, ആരോഹന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പ്രദീപ് ഫോസ്‌ഫേറ്റ്‌സ്, മൊബിക്വിക് സിസ്റ്റംസ് തുടങ്ങി 20ലധികം കമ്പനികള്‍ ആദ്യപാദത്തില്‍ ഐപിഒയുമായെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഈ പാദത്തില്‍ ഐപിഒയുമായെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70,000-1,00,000 കോടി രൂപയാകും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ വിപണിയില്‍നിന്ന് സമാഹരിക്കുക. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി ഐപിഒ നടപടിക്രമങ്ങള്‍ക്കായി ജനുവരി അവസാനം സെബിയെ സമീപിക്കുമെന്നാണ് കരുതുന്നത്.  

പേടിഎം, സമൊറ്റോ, നൈക, സ്റ്റാര്‍ ഹെല്‍ത്ത്, പിബി ഫിന്‍ടെക് എന്നിവയുള്‍പ്പടെയുള്ള കമ്പനികള്‍ 2021ല്‍ ഇതുവരെ 1.3ലക്ഷം കോടി രൂപയാണ് വിപണിയില്‍നിന്ന് സമാഹരിച്ചത്. കുറഞ്ഞ പലിശനിരക്കും ഉയര്‍ന്ന പണലഭ്യതയുംമൂലം ഓഹരി വിപണിയില്‍ റാലി തുടരുകയാണ്.