മുംബൈ: മാർച്ച് 31-ന് അവസാനിക്കുന്ന 2020-21 സാമ്പത്തിക വർഷം പ്രാഥമിക വിപണിയിൽ ഐ.പി.ഒ.യുമായി എത്തിയത് 30 കമ്പനികൾ. ഇവർ സമാഹരിച്ചതാവട്ടെ 31,265 കോടി രൂപയും. വിപണിയിലെ ഉയർന്ന പണലഭ്യതയും വിദേശത്തുനിന്നുള്ള നിക്ഷേപ ഒഴുക്കും ദ്വിതീയ വിപണിയുടെ മുന്നേറ്റവും മുതലാക്കി കൂടുതൽ കമ്പനികൾ ഐ.പി.ഒ.യ്ക്ക് ഉചിതമായ സമയമായി 2020 - 21 തിരഞ്ഞെടുക്കുകയായിരുന്നു.

 

2019 - 20 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഐ.പി.ഒ. വഴിയുള്ള ധനസമാഹരണത്തിൽ ഇത്തവണ 53.65 ശതമാനമാണ് വർധന. കഴിഞ്ഞ സാമ്പത്തിക വർഷം 13 ഐ.പി.ഒ.കളിലായി 20,350 കോടി രൂപയായിരുന്നു കമ്പനികൾ സമാഹരിച്ചത്. 2018 - 19 സാമ്പത്തിക വർഷം നടന്ന 14 ഐ.പി.ഒ.കളിലായി 14,719 കോടി രൂപയാണ് കമ്പനികൾ സ്വരൂപിച്ചത്. ഇത്തവണ ഐ.പി.ഒ.കളിൽ കൂടുതലും വന്നത് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലായിരുന്നു. 2021 ജനുവരി-മാർച്ച് കാലയളവിൽ മാത്രം 23 ഐ.പി.ഒ.കൾ നടന്നു. ഇതിലൂടെ 18,302 കോടി രൂപയാണ് കമ്പനികൾ സമാഹരിച്ചത്. 13 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മാർച്ചിലെ മൂന്നാമത്തെ ആഴ്ചയിൽമാത്രം അഞ്ചു കമ്പനികൾ ചേർന്ന് 3,764 കോടി രൂപ സ്വരൂപിച്ചു. 2021-ൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഐ.പി.ഒ. വിപണികളിലൊന്നാണ് ഇന്ത്യയെന്നതും ശ്രദ്ധേയമാണ്.

2020 ജൂലായ് മുതലാണ് നടപ്പു സാമ്പത്തിക വർഷം ഇന്ത്യയിൽ ഐ.പി.ഒ.കൾക്ക് തുടക്കമായത്. കോവിഡ് ലോക്‌ഡൗണിനു ശേഷം റൊസാരി ബയോടെക് ആദ്യ ഐ.പി.ഒ.യുമായെത്തി. ലിസ്റ്റിങ്ങിൽ കമ്പനിയുടെ ഓഹരി 317.35 രൂപയുടെ നേട്ടമുണ്ടാക്കി. ഇതിന്റെ ചുവടുപിടിച്ചെത്തിയ ഹാപ്പിയെസ്റ്റ് മൈൻഡ്‌സ് ടെക്നോളജീസ്, റൂട്ട് മൊബൈൽ, കാംസ് ലിമിറ്റഡ്, കെംകോൺ സ്പെഷ്യാലിറ്റി കെമിക്കൽസ് എന്നിവയും നിക്ഷേപകർക്ക് ആദ്യദിനത്തിൽത്തന്നെ നേട്ടം സമ്മാനിച്ചു. ഇതോടെ ഐ.പി.ഒ. വിപണിയിൽ ആത്മവിശ്വാസം കൂടി. ജൂലായ് മുതൽ ഡിസംബർ വരെ നടന്ന 13 ഐ.പി.ഒ.കളിൽ മൂന്നെണ്ണം മാത്രമായിരുന്നു ലിസ്റ്റിങ്ങിൽ നഷ്ടം നേരിട്ടത്. 2021 - ൽ ഇതുവരെ 15 ഐ.പി.ഒ.കൾ ലിസ്റ്റ് ചെയ്തു കഴിഞ്ഞു. ഇതിൽ 10 എണ്ണവും ആദ്യദിനത്തിൽ നേട്ടമുണ്ടാക്കി. 1490 രൂപയ്ക്ക് ഇഷ്യു ചെയ്ത ഇൻഡിഗോ പെയിന്റ്സ് 3,118.65 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. 1628 രൂപയായിരുന്നു ലിസ്റ്റിങ് ദിനത്തിലെ നേട്ടം.

ഈ സാമ്പത്തിക വർഷത്തെ അവസാന ഐ.പി.ഒ. വി മാർക് ഇന്ത്യ എന്ന കമ്പനിയുടേതാണ്. 23 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ. മാർച്ച് 25 -ന് തുടങ്ങി 31-ന് സമാപിക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ എൽ.ഐ.സി., എൻ.സി.ഡി.ഇ.എക്സ്, എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസസ് പോലുള്ള വമ്പൻ ഐ.പി.ഒ.കൾ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.