റെക്കോഡ് ഉയരത്തിൽനിന്ന് വിപണി തിരുത്തൽ നേരിട്ടപ്പോൾ നിക്ഷേപകർക്ക് നഷ്ടമായത് 14 ലക്ഷംകോടിയോളം രൂപ. ഒക്ടോബർ 19നാണ് എക്കാലത്തെയും ഉയരംകുറിച്ച് ബിഎസ്ഇ സെൻസെക്‌സ് 62,245ലെത്തിയത്. അന്നുതന്നെ നിഫ്റ്റി 18,604 എന്ന പുതിയ ഉയരംകുറിക്കുകയുംചെയ്തു. അതിനുശേഷം സൂചികകളിലുണ്ടായ ഇടിവ് എട്ട് ശതമാനമാണ്.

വെള്ളിയാഴ്ചമാത്രം സൂചികകൾ രണ്ടുശതമാനം തിരുത്തൽനേരിട്ടു. പുതിയ കോവിഡ് വകഭേദം ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോഴുണ്ടായ തകർച്ചക്കുപിന്നിൽ. ഫാർമ ഓഹരികൾമാത്രമാണ് പിടിച്ചുനിന്നത്. റിയാൽറ്റി, ലോഹം, ബാങ്ക്, ഓട്ടോ ഓഹരികളെല്ലാം തകർന്നടിഞ്ഞു. 

നിക്ഷേപകരുടെ സമ്പത്ത്
ഒക്ടോബർ 19ലെ ക്ലോസിങ് നിരക്കുപ്രകാരം സെൻസെക്‌സിന്റെ വിപണിമൂല്യം 2,74,69,606.93 കോടി രൂപയായിരുന്നു. നിലവിലെ നിരക്കുപ്രകാരം മൂല്യം 2,60,81,433.97 കോടി രൂപയായാണ് കുറഞ്ഞത്.

തകർച്ച നേരിട്ട സൂചികകൾ
എക്കാലത്തെയും ഉയർന്ന നിലവാരത്തിൽനിന്ന് ബിഎസ്ഇ മെറ്റൽ സൂചികയ്ക്ക് നഷ്ടമായത് 13.6ശതമാനമാണ്. എനർജി 8.2ശതമാനവും ഫിനാൻസ് 7.37ശതമാനവും എഫ്എംസിജി 7.04ശതമാനവും ഐടി 6.68ശതമാനവും ഓയിൽ ആൻഡ് ഗ്യാസ് 6.1ശതമാനവും ഓട്ടോ 6.01ശതമാനവും റിയാൽറ്റി 5.74 ശതമാനവും തകർച്ചനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 5.65ശതമാവനവും സ്‌മോൾ ക്യാപ് 4.6ശതമാനവും നഷ്ടമായി. 

തകർച്ചയുടെ കാരണങ്ങളറിയാം.