വെല്ലുവിളിനിറഞ്ഞ സാമ്പത്തിക പരിതസ്ഥിതിയിൽ പ്രതീക്ഷയോടെയിരിക്കാൻ വിപണിയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി ഇണങ്ങിപ്പോകുംവിധം രൂപകൽപനചെയ്ത സന്തുലിത പോർട് ഫോളിയോ ആവശ്യമാണ്. ചെറുകിട നിക്ഷേപകനെ സംബന്ധിച്ചേടത്തോളം നിക്ഷേപത്തിന്റെ സാധ്യതകൾ പരിശോധിക്കുകയെന്നത്, പ്രത്യേകിച്ച് ഇക്വിറ്റികളിൽ നിക്ഷേപിക്കുമ്പോൾ പ്രയാസകരമാണ്. 

വിദഗ്ധരുടെ കാഴ്ചപ്പാട് പിന്തുടരുകയും ധനകാര്യ ഉപദേഷ്ടാക്കളുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയുമാണ് അതിന് പരിഹാരം. മ്യൂച്വൽഫണ്ട് നിക്ഷേപമാണ് സുരക്ഷിതമെന്ന തിരിച്ചറിവുംവേണം. സ്വന്തമായി ഒരു കാഴ്ചപ്പാടുണ്ടായിരിക്കുന്നത് നിക്ഷേപ, ധന സമ്പാദന കാര്യങ്ങളിൽ കൂടുതൽ കരുത്തുപകരും. ദീർഘകാലാടിസ്ഥാനത്തിൽ ധന സമ്പാദനത്തിന് ഏറ്റവും അനുയോജ്യം ഇക്വിറ്റി നിക്ഷേപമാണ്. വ്യവസ്ഥാപിതമായി നിർവഹിച്ചാൽ അത് ഇരട്ടി ഫലംനൽകും.

വാർഷിക അടിസ്ഥാനത്തിൽ പരിശോധിച്ചാൽ, മഹാമാരിയുടെ കാലത്തും ഓഹരി വിപണി നല്ല പ്രകടനമാണു കാഴ്ചവെക്കുതെന്നു കാണാൻകഴിയും. പരിഭ്രാന്തിയുടെ യാതൊരാവശ്യവുമില്ല. സാമ്പത്തികവും ധനപരവുമായ ഉത്തേജക പദ്ധതികളും ചില മേഖലകൾക്ക് മഹാമാരിയെത്തുടർന്നുണ്ടായ നേട്ടങ്ങളുമാണ് വിപണിയുടെ കുതിപ്പിന്റെ അടിസ്ഥാനം.  

രാജ്യത്തും വിദേശത്തും ഡിമാന്റ് വർധിക്കുകയും ഏഷ്യയിൽ വിതരണ തടസമുണ്ടാവുകയും ചെയ്തത്  ഐടി, ഫാർമ മേഖലകൾക്കു ഗുണംചെയ്തു. സാമ്പത്തിക മേഖല തുറക്കപ്പെടുകയും വർധിച്ച ഡിമാന്റും ഭാവി നിക്ഷേപസാധ്യതകളും വർധിക്കുകയും ചെയ്തപ്പോൾ  നിത്യഹരിത മേഖലകളായ എഫ്എംസിജി, ടെലികോം, ഇ കൊമേഴ്സ്, ഹരിത സംരംഭങ്ങൾ എന്നിവ നല്ലപ്രകടനം  കാഴ്ചവെച്ചു. 

ധനപരമായ ചിലവഴിക്കലുകൾ വർധിക്കുകയും ലോക സാമ്പത്തികരംഗം കൂടുതൽ തുറക്കപ്പെടുകയും ചെയ്തതിനാൽ ഇപ്പോഴും ഭാവിയിലും ഡിമാന്റു വർധനയുണ്ടാകും. പഴയ സാമ്പത്തിക മേഖലകളായിരുന്ന അടിസ്ഥാന സൗകര്യ വികസനരംഗം, ലോഹങ്ങൾ, ഉപഭോക്തൃ ഉൽപന്നങ്ങൾ, വ്യാവസായിക ഉൽപന്നങ്ങൾ തുടങ്ങിയവ മുന്നോട്ടു വന്നുതുടങ്ങിയിട്ടുണ്ട്. ഡിമാന്റ് നില നിൽക്കുന്നേടത്തോളം വിപണി പിന്നോട്ടു പോകാനിടയില്ല.  

രണ്ടാംതരംഗത്തിന്റെ വരവിനെത്തുടർന്നുണ്ടായ വിപണിയിലെ താൽക്കാലിക സമ്മർദ്ദം ഫെബ്രുവരിയിൽ ഉയരത്തിലെത്തുകയും പിന്നീട് താഴോട്ടു പോവുകയുമാണുണ്ടായത്. എസ് ആന്റി പി, ബിഎസ്ഇ സെൻസെക്സ് എന്നിവയിൽ ഇതുവരെ -6.5 ശതമാനം മാത്രമാണ് തിരുത്തൽ നടന്നത്. അടച്ചിടലും കുത്തിവെപ്പും സാമൂഹ്യ പ്രതിരോധവും അടുത്ത രണ്ടുമൂന്നു മാസത്തിനകം രണ്ടാം തരംഗത്തിന്റെ ശക്തി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഭാവിയിലെ സംഭവവികാസങ്ങൾ മുന്നിൽ കണ്ടാണ് ഓഹരി വിപണി പ്രവർത്തിക്കുന്നത്. ഉപഭോക്തൃ ഡിമാന്റും ഫാക്ടറികളുടെ ഉൽപാദനക്ഷമതയും അടുത്ത ഒന്നുരണ്ടു വർഷത്തിനകം വർധിക്കും. മറ്റുരാജ്യങ്ങളിൽ ഉണ്ടായതുപോലെ ഒരു മൂന്നാംതരംഗം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വ്യാപകമായ കുത്തിവെപ്പുകൾ യുഎസിനേയും യുകെയേയും പോലെ ഇതിനെ ചെറുക്കാൻ രാജ്യത്തെ പര്യാപ്തരാക്കും.

വർധിക്കുന്ന ഉൽപന്ന വിലകളും ഇനിയും വർധിക്കാനിടയുള്ള ബാങ്കുകളുടെ കിട്ടാക്കടങ്ങളും പെരുകുന്ന ബോണ്ട് യീൽഡുമാണ് ഉൽക്കണ്ഠപ്പെടുത്തേണ്ടത്. അന്തർദേശീയ വിപണിയിൽ ഉരുക്ക്, ചെമ്പ് വിലകൾ ഇപ്പോൾ ഉയരത്തിലാണ്.  സാമ്പത്തിക പ്രവർത്തനങ്ങളെയപേക്ഷിച്ച് കൂടുതലാണ് ഉൽപന്ന വിലകൾ. പണപ്പെരുപ്പത്തിനും പലിശനിരക്കിലെ വർധനവിനും ഇതിടയാക്കും. ഇക്കാര്യങ്ങൾ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചേക്കും. ഓഹരി വിപണിയുടെ ആരോഗ്യകരമായ നിലനിൽപിന് സാധന വിലകൾ കുറയുന്നതോടൊപ്പം പണപ്പെരുപ്പവും ബോണ്ട് യീൽഡും താഴോട്ടു വരികയുംവേണം. ഇങ്ങനെ സംഭവിക്കുന്നതുവരെ നമ്മുടെ പോരർട്ഫോളിയോ സമ്മർദ്ദത്തിലായിരിക്കും.

ഇക്കാര്യങ്ങൾ പരിഗണിച്ച് ഇക്വിറ്റി, ബോണ്ടുകൾ, കടപ്പത്രം, സ്വർണം എന്നിവയുടെ സന്തുലിത പോർട്ഫോളിയോ നിലനിർത്താൻ ശ്രദ്ധിക്കണം. റിസ്‌കെടുക്കാൻ ധൈര്യമുള്ളവർക്ക് 75 ശതമാനംവരെയും അതില്ലാത്തവർക്ക് 50 ശതമാനംവരെയും ഇക്വിറ്റികളിൽ നിക്ഷേപിക്കാം. ഭാവിയിൽ ഉൽപന്നവിലകളും പണപ്പെരുപ്പവും സാധാരണത്വം കൈവരിക്കുന്നതോടെ ഈ അനുപാതത്തിൽ മാറ്റംവരുത്താം. ഇതിന്റെ സമയ പരിധി സാമ്പത്തിക സ്ഥിതിഗതികൾ വിലയിരുത്തി 3 മാസം മുതൽ 9 മാസം വരെയാവാം.

ഗുണപരമായ നിക്ഷേപത്തിന് ആദ്യംവേണ്ടത് ഓഹരികളും മേഖലകളും തിരിച്ചറിയുക എന്നതാണ്. ചാഞ്ചല്യങ്ങളിൽ നിന്നു രക്ഷനേടുന്നതിന് പരമ്പരാഗത ശൈലിയിൽ ഐടി, എഫ്എംസിജി, ഫാർമ, ടെലികോം ഓഹരികളെ ആശ്രയിക്കാവുന്നതാണ്. പുതിയ ചാലകങ്ങളായ കെമിക്കൽസ്, ഇ കൊമേഴ്സ്, ഡിജിറ്റലൈസേഷൻ, ഹരിത സംരംഭങ്ങൾ എന്നിവയും മഹാമാരിയുടെ കാലത്ത്  ഗുണകരമായിരിക്കും. ഉയർന്ന നിലവാരമുള്ള കമ്പനികളുടെ ഓഹരികൾ വിലകൾ ആകർഷകമെങ്കിൽ സംഭരിക്കാവുന്നതാണ്. ഇതെല്ലാമടങ്ങിയ സന്തുലിത പോർട്ഫോളിയോ ആയിരിക്കും ആരോഗ്യകരമായ നിക്ഷേപത്തിനുനല്ലത്.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)