വ്യാഴാഴ്ച ഓഹരി വിപണിയില്‍ വ്യാപാരം തുടങ്ങി ഒരുമണിക്കൂറിനകം ഇന്‍ഫോസിസിലെ നിക്ഷേപകരുടെ കീശയിലായത് 50,000 കോടി രൂപയിലേറെ. 

പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതാണ് ഇന്‍ഫോസിസിന്റെ ഓഹരി വിലകുതിക്കാനിടയാക്കിയത്. ഓഹരി വില 15ശതമാനത്തോളം ഉയര്‍ന്ന് 952 രൂപ നിലവാരത്തിലെത്തി. 

ബുധനാഴ്ച പുറത്തുവിട്ട പാദഫലത്തില്‍ അറ്റാദായത്തില്‍ 11.4ശതമാനം വര്‍ധനയാണ് കമ്പനി രേഖപ്പെടുത്തിയത്. കോവിഡ് വ്യാപനത്തിനിടയിലും വന്‍കിട കമ്പനികളില്‍നിന്ന് കരാര്‍ ലഭിച്ചതാണ് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസിനെതുണച്ചത്. 

ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 4,233 കോടി രൂപയാണ് കമ്പനിയുടെ അറ്റലാഭം. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 3,798 കോടി രൂപയായിരന്ന സ്ഥാനത്താണിത്. മൊത്തംവരുമാനം 8.5ശതമാനമുയര്‍ന്ന് 23,665 കോടി രൂപയുമായി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യംകുറഞ്ഞതും കമ്പനിക്ക് നേട്ടമായി. 

മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് ബ്രോക്കിങ് സ്ഥാപനങ്ങള്‍ ഇന്‍ഫോസിസിന്റെ ഓഹരിയുടെ ലക്ഷ്യവില ഉയര്‍ത്തിയിട്ടുണ്ട്.