Photo: Gettyimages
ഓഹരിയില്‍ ഇടപാടില്‍ ടി+1 സെറ്റില്‍മെന്റ് സംവിധാനം ഫെബ്രുവരി 25 മുതല്‍ ഘട്ടംഘട്ടമായി നടപ്പാക്കും. ഇടപാടുകള്‍ ഒരുദിവസത്തിനകം പൂര്‍ത്തിയാക്കുന്നതാണ് പുതിയ സംവിധാനം. നിലവില്‍ രണ്ടുദിവസമെടുത്താണ് ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നത്. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍, താഴെയുള്ള 100 ഓഹരികളിലാകും ആദ്യഘട്ടത്തില്‍ പുതിയ സെറ്റില്‍മെന്റ് രീതി നടപ്പാക്കുക. മാര്‍ച്ചിലെ അവസാനത്തെ വെള്ളിയാഴ്ച മുതല്‍ എല്ലാ മാസവും വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 500 ഓഹരികള്‍വീതം ഈരീതിയിലേയ്ക്ക് മാറ്റും.
ഓഹരി ഇടപാട് നടന്നാല്‍ ഒരുദിവസത്തിനുള്ളില്‍ എല്ലാ സെറ്റില്‍മെന്റുകളും പൂര്‍ത്തിയാക്കണമെന്നാണ് പുതിയ നിര്‍ദേശം. സെറ്റില്‍മെന്റ് സമയം കുറയ്ക്കുന്നത് ട്രേഡിങില്‍നിന്നുള്ള വരുമാനം കൂട്ടാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വ്യാപാരം കഴിഞ്ഞാല്‍ പണം വേഗത്തില്‍ വിറ്റയാള്‍ക്ക് ലഭിക്കുന്നതിലൂടെ പുതിയ രീതിയില്‍ പണലഭ്യത നേരത്തെ ഉറപ്പാക്കാനുമാകും. വ്യാപാര തോത് വര്‍ധിപ്പിക്കാന്‍ പുതിയ തീരുമാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ആഗോള വിപണിയില്‍ ചൈനയ്ക്ക് പുറമെ ഇന്ത്യയാണ് ടി+1 സെറ്റില്‍മന്റ് നടപ്പാക്കുന്നത്.
2003 മുതല്‍ എന്‍എസ്ഇയും ബിഎസ്ഇയും ടി+2 സെറ്റില്‍മന്റ് രീതിയാണ് പിന്തുടരുന്നത്. അതായത് വ്യാപാരം നടന്ന് രണ്ടുദിവസമെടുത്താകും ഇടപാടുകള്‍ പൂര്‍ത്തിയാക്കുക. ഉദാഹരണത്തിന് തിങ്കളാഴ്ച നടത്തിയ ഇടപാട് സാധാരണയായി പൂര്‍ത്തിയാക്കുന്നത് ബുധനാഴ്ചയോടെയാണ്.
പ്രവര്‍ത്തനം ഇങ്ങനെ
ജനുവരി 23ന് എസ്ബിഐയുടെ 100 ഓഹരികള്‍ ഓഹരിയൊന്നിന് 500 രൂപയ്ക്ക് വാങ്ങിയെന്ന് കരുതുക. മൊത്തം 50,000 രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇടപാട് നടത്തിയ(ടി-എന്ന് അറിയപ്പെടുന്ന)ദിവസം 50,000 രൂപയും അനുബന്ധ ചാര്‍ജുകളും ട്രേഡിങ് അക്കൗണ്ടില്‍നിന്ന് ഈടാക്കും. ടി+1 (ജനുവരി 24)ന് ഈ പണം എക്സ്ചേഞ്ച് കൈപ്പറ്റുകയും ടി+2 (ജനുവരി 25ന്) വിറ്റയാളുടെ അക്കൗണ്ടില്‍നിന്ന് ഓഹരി പിന്‍വലിച്ച് ബ്രോക്കര്‍ക്ക് കൈമാറുകയും ചെയ്യുന്നു. പിന്നീട് ഈ ഓഹരി നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് ബ്രോക്കര്‍ മാറ്റുകയുംചെയ്യും. അതോടൊപ്പംതന്നെ നിങ്ങളില്‍നിന്ന് ഈടാക്കിയ തുക ഓഹരി വിറ്റയാള്‍ക്ക് കൈമാറുകയുംചെയ്യുന്നു. ടി+1 സെറ്റില്‍മെന്റ് നടപ്പാകുന്നതോടെ വില്പന നടന്ന് ഒരു ദിവസത്തിനുള്ളില്‍ ഓഹരി-പണമിടപാടുകള്‍ പൂര്‍ത്തിയാകും.
മ്യൂച്വല്‍ ഫണ്ടുകളില്‍ ടി+2
മ്യൂച്വല്‍ ഫണ്ടുകളില്‍നിന്ന് പണം പിന്‍വലിച്ചാല്‍ ടി+2 സെറ്റില്‍മെന്റ് രീതിയാണ് കൊണ്ടുവരുന്നത്. ഫെബ്രുവരി ഒന്നുമുതില്‍ പുതിയ രീതി നടപ്പില്‍വരും. വ്യാപര ദിനത്തിലെ കട്ട് ഓഫ് സമയത്തിന് മുമ്പായി നിക്ഷേപം പിന്‍വലിച്ചാല്‍ രണ്ടു ദിവസംകൊണ്ട് പണം നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിലെത്തും. പിന്‍വലിച്ച ദിവസത്തെ എന്‍എവിയാകും ബാധകം.
ഓഹരി വിപണിയില്‍ പുതിയ രീതി നടപ്പാക്കാന്‍ തീരുമാനിച്ചതോടെയാണ് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യ(ആംഫി)യും അതിന് സമാനമായി ഇടപാട് രീതി പരിഷ്‌കരിച്ചത്.
Content Highlights: India completes transition to T+1 settlement cycle
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..