മുംബൈ: വിപണിയില്‍ ലിസ്റ്റ് ചെയ്ത ഉടനെ സിഎസ്ബി ബാങ്കിന്റെ ഓഹരി വില 100 രൂപവര്‍ധിച്ച് 295 നിലവാരത്തിലെത്തി. ദിനവ്യാപാരത്തില്‍ 307 രൂപവരെ വിലയെത്തി.

ഒടുവില്‍ ക്ലോസ് ചെയ്തതാകട്ടെ 105 രൂപ ഉയര്‍ന്ന് 300 രൂപനിലവാരത്തിലും. 54ശതമാനമാണ് ഓഹരിയിലെ ആദ്യദിനത്തിലെ നേട്ടം. 195 രൂപയായിരുന്നു ഇഷ്യു പ്രൈസ്. 

നവംബര്‍ 22 മുതല്‍ 26വരെയായിരുന്നു ഐപിഒ. 87 ഇരട്ടി അപേക്ഷകളാണ് പ്രാഥമിക ഓഹരി വില്പനയ്ക്ക് ലഭിച്ചത്. 410 കോടി രൂപയാണ് 1.97 കോടി ഓഹരികള്‍ വിറ്റ് ബാങ്ക് സമാഹരിച്ചത്. 

നിലവിലുള്ള നിക്ഷേപകര്‍ 385 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു. ഇതുകഴിഞ്ഞ് 24 കോടി രൂപയാണ് ഐപിഒയിലൂടെ ബാങ്കിന് ലഭിച്ചത്.

കേരള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റ് മൂന്നു ബാങ്കുകള്‍കൂടിയാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്. സിഎസ്ബിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ബാങ്കുകളുടെ ഓഹരികള്‍ വളരെ താഴ്ന്ന നിലവാരത്തിലാണ്.

ഫെഡറല്‍ ബാങ്കിന്റെ ഓഹരി 88 രൂപ നിലവാരത്തിലും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റേത് 11 രൂപ നിലവാരത്തിലും ധനലക്ഷ്മി ബാങ്കിന്റ ഓഹരി വില 15 രൂപ നിലവാരത്തിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. 

Immediately after the listing, CSB Bank's share price jumped 50 percent