വിപണിയുടെ അടുത്തയാഴ്ചയിലെ നീക്കംഅറിയാം: തിരുത്തലുണ്ടായാൽ അവസരം മുതലാക്കാം


Money Desk

നിലനിൽക്കുന്ന ആഗോള-ആഭ്യന്തര കാരണങ്ങൾ ഹ്രസ്വകാലത്തേയ്‌ക്കെങ്കിലും വിപണിയിൽ ബലഹീനതയാണ് പ്രകടമാക്കുന്നത്. പുറത്തുവരനാനിരിക്കുന്ന പാദഫലങ്ങളിൽ കണ്ണുംനട്ട്, സാഹചര്യങ്ങൾ വിലയിരുത്തി, തിരുത്തലുണ്ടായാൽ മികച്ച ഓഹരികളിൽ പ്രവേശിക്കാനുള്ള അവസരമായി അതിനെ കാണുകയാണ് ചെയ്യേണ്ടത്.

Photo: Gettyimages

തുടക്കദിനങ്ങളിലെ മികച്ചനേട്ടം ഇല്ലാതാക്കി നേരിയ നഷ്ടത്തിലാണ് ജൂലായ് ഒമ്പതിന് അവസാനിച്ച വ്യാപാര ആഴ്ച പിന്നിട്ടത്. ശുഭകരമല്ലാത്ത ആഗോള സൂചനകൾ, പ്രതീക്ഷിച്ചത്ര മഴലഭിക്കാതിരുന്നത്, അതിനേക്കാളുമേറെ ഉയരുന്ന കോവിഡ് വ്യാപനത്തോത് എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു.

ബിഎസ്ഇ സെൻസെക്‌സ് 98.48 പോയന്റ് നഷ്ടത്തിൽ(0.18%)52,386.19ലും നിഫ്റ്റി 32.4 പോയന്റ് താഴ്ന്ന് (0.20%)15,689.8ലുമാണ് കഴിഞ്ഞയാഴ്ചയിലെ വ്യാപാരം പിന്നിട്ടത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.3ശതമാനം നേട്ടമുണ്ടാക്കുകുയംചെയ്തു. സെക്ടറുകളിൽ നിഫ്റ്റി റിയാൽറ്റി ആറുശതമാനത്തോളം ഉയർന്നു. നിഫ്റ്റി മെറ്റൽ മൂന്നുശതമാനവും നേട്ടമുണ്ടാക്കി. ഓട്ടോ, പൊതുമേഖല സൂചികകൾ രണ്ടു ശതമാനംവീതം നഷ്ടംനേരിട്ടു.

മിഡ് ക്യാപ് വിഭാഗത്തിൽ മോത്തിലാൽ ഒസ് വാൾ ഫിനാൻഷ്യൽ സർവീസസ്, എയു സ്‌മോൾ ഫിനാൻസ് ബാങ്ക്, ഓറക്കിൾ ഫിനാൻഷ്യൽ സോഫ്റ്റ് വെയർ, രാംകോ സിമെന്റ്‌സ്, ഐആർസിടിസി തുടങ്ങിയ ഓഹരികളാണ് സൂചികക്ക് താങ്ങായത്. നാറ്റ്‌കോ ഫാർമ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഗോദ്‌റേജ് ഇൻഡസ്ട്രീസ്, ബയോകോൺ തുടങ്ങിയവ നഷ്ടംനേരിട്ടു.