മൈക്രോ ക്യാപ് വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അഞ്ജനി ഫുഡ്‌സിന്റെ ഓഹരി. ആറുമാസത്തിനിടെ കമ്പനിയുടെ ഓഹരി നല്‍കിയ നേട്ടം 812ശതമാനമാണ്. ജൂണ്‍ ഒന്നിന് 10.74 നിലാവരത്തിലായിരുന്ന ഓഹരിയുടെ വില ഡിസംബര്‍ ഏഴിന് 98 നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്.
ഈ കാലയളവില്‍ സെന്‍സെക്‌സ് ഉയര്‍ന്നത് ശരാശരി 35ശതമാനമാണ്. ഒരു ലക്ഷം രൂപ ആറുമാസംമുമ്പ് അഞ്ജനി ഫുഡ്‌സില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത് 9.12 ലക്ഷമാകുമായിരുന്നു.
എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണ് കമ്പനിയുടെ ഓഹരി വിലയെത്തയിരിക്കുന്നത്. 96.10 നിലാവരത്തിലായിരുന്നു കഴിഞ്ഞ വ്യാപാരദിനത്തില്‍ ബിഎസ്ഇയില്‍ ഓഹരി ക്ലോസ് ചെയ്തത്. കോവിഡ് വ്യാപനത്തിനുശേഷം മികച്ച തിരിച്ചുവരവുനടത്തിയതാണ് അഞ്ജനി ഫുഡ്‌സിന്റെ ഓഹരി വിലയില്‍ കുതിപ്പുണ്ടാകാനിടയാക്കിയത്.
മുന്‍പാദത്തെ അപേക്ഷിച്ച് 20.53ശതമാനംവിറ്റുവരവാണ് കമ്പനി നേടിയത്. 6.04 കോടിയില്‍നിന്ന് 7.28 കോടിയായി വരുമാനംകൂടി. അതേസമയം അറ്റാദായത്തില്‍ നേരിയ കുറവുണ്ടായി. ആദ്യപാദത്തില്‍ 0.41 കോടിയായിരുന്നു ലാഭമെങ്കില്‍ രണ്ടാം പാദത്തില്‍ ഇത് 0.38 കോടിയായി കുറഞ്ഞു.
ധനകാര്യ സ്ഥാപനങ്ങളോ മ്യൂച്വല്‍ ഫണ്ടുകളോ അഞ്ജനി ഫുഡ്‌സില്‍ നിക്ഷേപിച്ചിട്ടില്ല. 75ശതമാനം ഓഹരികളും പ്രൊമോട്ടര്‍മാരുടെ കൈവശമാണ്. റീട്ടെയില്‍ നിക്ഷേപകരുടെ കൈവശം 25ശതമാനവും.
മുന്നറിയിപ്പ്: മൈക്രോ ക്യാപ് വിഭാഗത്തിലുള്ള ഓഹരികളിലെ നിക്ഷേപം അതീവ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. അഞ്ജനി ഫുഡ്‌സിന്റെ ഓഹരി നിക്ഷേപത്തിനായി ശുപാര്‍ശചെയ്യുന്നില്ല. സ്വന്തം റിസ്‌കില്‍വേണം നിക്ഷേപിക്കാന്‍. ഓഹരി വിപണിയിലെ സാധ്യതകള്‍ ചൂണ്ടിക്കാണിക്കാന്‍മാത്രമാണ് ഈ വിശകലനം.